ഭുബനേശ്വര്‍: പരിശീലനത്തിന് പണം കണ്ടെത്താനായി ബിഎംഡബ്ല്യു കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇന്ത്യയുടെ അതിവേഗ ഓട്ടക്കാരി ദ്യുതി ചന്ദിന് നല്‍കുന്ന സഹായങ്ങള്‍ അക്കമിട്ട് നിരത്തി ഒഡീഷ സര്‍ക്കാര്‍. ദ്യുതിക്ക് 2015 മുതല്‍ ഇതുവരെ 4.09 കോടി രൂപ ധനസഹായമായി നല്‍കിയിട്ടുണ്ടെന്ന് ഒഡീഷ കായി മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയതിന് മൂന്ന് കോടി രൂപയും 2015-2019 കാലയളവില്‍ പരിശീലനത്തിനായി 30 ലക്ഷം രൂപയും ടോക്കിയോ ഒളിംപിക്സിനായുള്ള പരിശീലനത്തിനായി 50 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്ന് കായികമന്ത്രാലയം വ്യക്തമാക്കി.

ഇതിനുപുറമെ ഒഡീഷ മൈനിംഗ് കോര്‍പറേഷനില്‍ ഗ്രൂപ്പ് എ ഓഫീസര്‍ എന്ന നിലക്ക് പ്രതിമാസ വേതനമായി 84,604 രൂപയും നല്‍കുന്നുണ്ടെന്നും പരിശീലനത്തിനായി ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ 29 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്നും ഒഡീഷ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.  ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ ജീവനക്കാരിയെന്ന നിലക്ക് ദ്യുതിക്ക് യാതൊരു ഔദ്യോഗിക ചുമതലകളും നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


എന്നാല്‍ ഒഡ‍ീഷ സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്ക് അളവറ്റ നന്ദിയുണ്ടെന്ന് പറഞ്ഞ ദ്യുതി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ മുഴവന്‍ യാഥാത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നവയല്ലെന്ന് വ്യക്തമാക്കി. 2108ലെ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡല്‍ നേടിയതിനാണ് സര്‍ക്കാര്‍ മൂന്ന് കോടി രൂപ സമ്മാനമായി നല്‍കിയത്. ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെപ്പോലെ മറ്റ് മെഡല്‍ ജേതാക്കള്‍ക്കും ഇത്തരത്തില്‍ സമ്മാനത്തുക ലഭിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളും മെഡല്‍ ജേതാക്കള്‍ക്ക് ഈ രീതിയില്‍  സമ്മാനം നല്‍കാറുണ്ട്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ നോക്കിയാല്‍ ഞാന്‍ ഇത്രയും പൈസ വാങ്ങിയോ എന്ന് ആളുകള്‍ ആശ്ചര്യപ്പെടാനിടയുണ്ട്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഒഡിഷ മൈനിംഗ് കോര്‍പറേഷന്‍ നല്‍കിയ 29 ലക്ഷത്തില്‍ തന്റെ ശമ്പളവും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് താന്‍ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലമല്ലെയെന്നും ദ്യുതി ചോദിച്ചു. പരിശീലനത്തിന് സാമ്പത്തിക സഹായം ഉറപ്പു നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനും കായിക മന്ത്രി കിരണ്‍ റിജിജുവും തന്നെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമുള്ളപ്പോള്‍ അവരെ ബന്ധപ്പെടാമെന്ന് അറിയിച്ചുവെന്നും ദ്യുതി പറഞ്ഞു.

പരിശീലനത്തിന് പണമില്ലാത്തതിനാല്‍ ബിഎംഡബ്ല്യു കാര്‍ ദ്യുതി വില്‍ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ പരിശീലനത്തിന് പണം കണ്ടെത്താനല്ല ആഡംബര കാര്‍ പരിപാലിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാലാണ് കാര്‍ വില്‍ക്കുന്നുവെന്ന്  ദ്യുതി ഇന്നലെ പറഞ്ഞിരുന്നു. ആഡംബര കാറുകള്‍ തനിക്ക് ഇഷ്ടമാണെങ്കിലും അവ പരിപാലിക്കാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന് ദ്യുതി വ്യക്തമാക്കി.


പരിശീലനത്തിന് പണം കണ്ടെത്താനാണ് കാര്‍ വില്‍ക്കുന്നതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ദ്യുതി വ്യക്തമാക്കിയിരുന്നു. 2021ലെ ഒളിംപിക്സിനുള്ള പരിശീലനത്തിന് ഏറെ ചെലവുണ്ടെന്നും ഒഡീഷ സര്‍ക്കാരും കെഐആടി യൂണിവേഴ്സിറ്റിയും എല്ലാവിധ സഹായവും നല്‍കുന്നുണ്ടെന്നും ദ്യുതി പറഞ്ഞു. കാര്‍ വിറ്റു കിട്ടുന്ന പണം പരിശീലന സൗകര്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്നും കൊവിഡ് കാലത്തിന് ശേഷം ഒഡീഷ സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍ വീണ്ടും കാര്‍ വാങ്ങാമല്ലോ എന്നും ദ്യുതി ട്വിറ്റ് ചെയ്തു.

ഒഡീഷ മൈനിംഗ് കോര്‍പറേഷന്‍ ജീവനക്കാരി എന്ന നിലയില്‍ തനിക്ക് പ്രതിമാസ വേതനമായി 60000 രൂപ മുതല്‍ 80000 രൂപവരെയാണ് ലഭിക്കുന്നത്. ഞാന്‍ പരാതി പറഞ്ഞതല്ല. കാര്‍ വാങ്ങാന്‍ ഇനിയും സമയം ഉണ്ടല്ലോ. ഒഡിഷ സര്‍ക്കാരിനോ കെഐഐടി യൂണിവേഴ്സിറ്റിക്കോ ഒരു ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്വീറ്ററില്‍ ട്വീറ്റ് ചെയ്ത വാര്‍ത്താക്കുറിപ്പില്‍ ദ്യുതി പറഞ്ഞു.