Asianet News MalayalamAsianet News Malayalam

11 വർഷത്തിന് ശേഷം ഓസ്കാർ പിസ്റ്റോറിയസിന് പരോള്‍, അപേക്ഷ അംഗീകരിച്ച് പരോൾ ബോർഡ്

37കാരനായ ഓസ്കാർ പിസ്റ്റോറിയസിന് 13 വർഷവും 5 മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.

Oscar Pistorius to be freed on parole nearly 11 years after murdering his girlfriend Reeva Steenkamp etj
Author
First Published Nov 25, 2023, 8:15 AM IST

പ്രിട്ടോറിയ: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് താരം ഓസ്കാർ പിസ്റ്റോറിയസിന് ഒടുവിൽ പരോള്‍. 11 വർഷമായി ജയിലിൽ കഴിയുന്ന ഓസ്കാർ പിസ്റ്റോറിയസിന് അടുത്ത വർഷം ജനുവരിയിൽ പുറത്തിറങ്ങാം. ദക്ഷിണാഫ്രിക്കന്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ സർവ്വീസിന്റേതാണ് തീരുമാനം. 37കാരനായ ഓസ്കാർ പിസ്റ്റോറിയസിന് 13 വർഷവും 5 മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.

പുറത്തിറങ്ങിയാലും പിസ്റ്റോറിയസ് അധികൃതരുടെ നിരീക്ഷണത്തിലാവും കഴിയേണ്ടി വരിക. ശിക്ഷാ കാലയളവ് കഴിയും വരെ നിരീക്ഷണം തുടരും. ഇക്കാലയളവിൽ വീട് മാറുകയോ ജോലിക്ക് ചേരുകയോ ചെയ്യുന്ന പക്ഷം അത് പരോള്‍ ഓഫീസറെ അറിയിക്കണം. കൃത്യമായ ഇടവേളകളിൽ തെറാപ്പി സെഷനുകളിലും പിസ്റ്റോറിയസ് പങ്കെടുക്കണം എന്നീ നിബന്ധനകളോടെയാണ് പരോളിന് വഴിയൊരുങ്ങുന്നത്. വെള്ളിയാഴ്ച ചേർന്ന പരോള്‍ ബോർഡിന്റേതാണ് തീരുമാനം.

2016ലാണ് പിസ്റ്റോറിയസ് തടങ്കലിലായത്. 13 വർഷത്തെ തടവ് ശിക്ഷയാണ് ഓസ്കാർ പിസ്റ്റോറിയസിന് വിധിച്ചിരുന്നത്. 2013ലാണ് കേസിനാസ്‌പദമായ അക്രമ സംഭവം നടന്നത്. 2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്. അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ എത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് പിസ്റ്റോറിസ് വെടിവെച്ചതെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രിട്ടോറിയയിലെ ജയിലില്‍ വച്ചാണ് പരോള്‍ അപേക്ഷയിൽ വാദം നടന്നത്. റീവ സ്റ്റീന്‍കാംപിന്റെ അമ്മ പരോൾ അപേക്ഷയെ എതിർത്തില്ല. സെപ്തംബറിൽ റീവ സ്റ്റീന്‍കാംപിന്റെ പിതാവ് ബാരി മരണപ്പെട്ടിരുന്നു. പിസ്റ്റോറിസിന്റെ കുറ്റസമ്മതവും തടവു കാലത്തെ പെരുമാറ്റവും എല്ലാം വിലയിരുത്തിയാണ് പരോള്‍ കോടതിയുടെ തീരുമാനം. 2015ലാണ് കോടതി പിസ്റ്റോറിസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

29കാരിയായിരുന്ന റീവ നിയമ ബിരുദധാരിയായിരുന്നു. ബാത്ത്റൂമിൽ നിന്നായിരുന്നു പിസ്റ്റോറിസ് കാമുകിയ്ക്ക് നേരെ നാല് തവണ വെടിയുതിർത്തത്. കാമുകി കിടക്കയിലാണെന്ന് ധരിച്ചിരുന്ന പിസ്റ്റോറിസ് കള്ളനെന്ന് ധരിച്ചാണ് വെടിവച്ചതെന്നാണ് കുറ്റസമ്മതം നടത്തിയത്. ഒരു വയസ് പ്രായത്തിന് മുന്‍പ് കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്ന പിസ്റ്റോറിസ് കൃത്രിമകാലുകള്‍ ഉപയോഗിച്ചാണ് കായിക മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയത്. ബ്ലേഡ് റണ്ണർ എന്ന പേരിലാണ് പിസ്റ്റോറിസ് അറിയപ്പെട്ടിരുന്നത്. പാരാലിംപിക്സില്‍ നിരവധി സ്വർണ മെഡലുകളാണ് പിസ്റ്റോറിസ് നേടിയത്. 2012 ഒളിംപിക്സില്‍ അംഗ പരിമിതരല്ലാത്ത കായിക താരങ്ങള്‍ക്കെതിരെയും പിസ്റ്റോറിസ് മത്സരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios