തിരുവനന്തപുരം: ബാസ്‌ക്കറ്റ്ബോളില്‍ പ്രൊഫഷണൽ ലീഗ് തുടങ്ങണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പി എസ് ജീന. ദേശീയ ചാംപ്യന്‍ഷിപ്പില്‍ റെയിൽവേയെ തോൽപ്പിച്ച് കിരീടം നേടുമെന്ന് പി ജി അഞ്ജന പറഞ്ഞു. ദക്ഷിണേഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇരുവരും. 

ഇന്ത്യയില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് വരട്ടെ...

"ഒരു കായികതാരത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇന്ത്യന്‍ കുപ്പായമണിയുക എന്നത്. ക്യാപ്റ്റനാകാനും കഴിഞ്ഞു. ക്യാപ്റ്റനായി മെഡല്‍ നേടാന്‍ കഴിഞ്ഞത് ഇരട്ടി സന്തോഷം നല്‍കുന്നു. റാങ്കിംഗില്‍ പിന്നിലുള്ള നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയാണ് കളിച്ചത്. അവര്‍ എങ്ങനെ കളിക്കും എന്ന് പ്രവചിക്കാനാവില്ല. 70-80 പോയിന്‍റ് വ്യത്യാസത്തിലാണ് ജയിച്ചത്. 

മെഡല്‍ കിട്ടിയത് വലിയ സന്തോഷം നല്‍കുന്നു. ആറ് മാസക്കാലമായി ഇന്ത്യന്‍ ക്യാമ്പിലായിരുന്നു. ഒരു കുടുംബം പോലെയായിരുന്നു ക്യാമ്പ്. ഓസ്‌ട്രേലിയയില്‍ പോയി കളിച്ചത് സ്വപ്‌നസാക്ഷാല്‍ക്കാരമാണ്. അവിടുത്തെ കായികസംസ്‌കാരം മനസിലാക്കാനുള്ള അവസരമായിരുന്നു അത്. ഇന്‍ഡോര്‍ ഗെയിമാണെങ്കിലും ഇവിടെ മിക്കയിടത്തും ഓട്ട്‌ഡോറായാണ് മത്സരങ്ങള്‍ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടാനുണ്ട്.

ക്രിക്കറ്റും ഫുട്ബോളും പോലെ ഇന്ത്യയില്‍ ബാസ്‌ക്കറ്റ്‌ബോളില്‍ ഒരു ലീഗ് വരണമെന്നാണ് ആഗ്രഹം. ഒട്ടേറെ താരങ്ങള്‍ ഇനിയും മുന്നോട്ടുവരാനുണ്ട്. ബാസ്‌ക്കറ്റ്ബോളില്‍ ലീഗ് വന്നാല്‍ താരങ്ങള്‍ക്ക് അത് പ്രയോജനം ചെയ്യും. കൂടുതല്‍ ആരാധക പിന്തുണയുണ്ടാക്കാനും ഇതിലൂടെ സാധിക്കും" എന്നും പി എസ് ജീന പറഞ്ഞു.  

റെയില്‍വെയെ ഇത്തവണ മലര്‍ത്തിയടിക്കും

"ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ റെയില്‍വെയ്‌ക്കെതിരെ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ റെയില്‍വേ മികച്ച ടീമാണ്. കഴിഞ്ഞ തവണ താരങ്ങളുടെ പനി തിരിച്ചടിയായിരുന്നു. ഇത്തവണയെങ്കിലും അവരെ തോല്‍പിക്കാന്‍ ജീനയും സ്റ്റെഫിയും അടങ്ങുന്ന ടീമിന് അതിനുള്ള കരുത്തുണ്ട് എന്നാണ് വിശ്വാസം"- പി ജി അഞ്ജന പറഞ്ഞു.

ദക്ഷിണേഷ്യന്‍ ഗെയിംസിലെ ബാസ്‌ക്കറ്റ്‌ബോളില്‍ ഇന്ത്യയുടെ സമ്പൂര്‍ണ മേധാവിത്വമാണ് കണ്ടത്. നാലിനങ്ങളിലും ഇന്ത്യ സ്വര്‍ണം നേടി. ഇന്ത്യന്‍ വനിതാ ടീമില്‍ നാല് മലയാളികളുണ്ടായിരുന്നു. അതില്‍ രണ്ട് താരങ്ങളാണ് പി എസ് ജീനയും പി ജി അഞ്ജനയും.