കോഴിക്കോട്: ഇന്ത്യന്‍ ബാഡ്‌മിന്‍റണ്‍ രംഗത്തെ ലോകത്തിന്‍റെ നെറുകയില്‍ അടയാളപ്പെടുത്തുകയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായി പി വി സിന്ധു. ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടമാണ് സിന്ധുവിലൂടെ ഇന്ത്യയിലെത്തിയത്. ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ ആദ്യമായാണ് സിന്ധു ജയമധുരം നുണഞ്ഞത്.

രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ വനിതാ താരത്തിന് അഭിനന്ദനാപ്രവാഹങ്ങള്‍ക്കിടെ സിന്ധുവിന്‍റെ ഒരു പഴയചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതിഹാസ ഇന്ത്യന്‍ അത്‌ലറ്റ് പി ടി ഉഷയാണ് തന്‍റെ മടിയിലിരിക്കുന്ന കുഞ്ഞു സിന്ധുവിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 'രണ്ട് ഇതിഹാസങ്ങള്‍ ഒരു ഫ്രെയ്‌മില്‍' എന്ന കമന്‍റോടെയാണ് കായികപ്രേമികള്‍ ചിത്രം ഏറ്റെടുത്തത്. 

ബേസലില്‍ നടന്ന ഫൈനലില്‍ മൂന്നാം സീഡായ ഒകുഹാരയെ അഞ്ചാം സീഡ് സിന്ധു നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കുകയായിരുന്നു. സ്‌കോര്‍: 21-7, 21-7. തുടക്കം മുതല്‍ മേല്‍ക്കൈ നേടിയ ഇന്ത്യന്‍ താരത്തിന് മുന്നില്‍ ജാപ്പനീസ് വീര്യം ചോരുന്നതാണ് കോര്‍ട്ടില്‍ കണ്ടത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ത്ത് സിന്ധു ജയം ഇരട്ടിമധുരമുള്ളതാക്കി.