തിരുവനന്തപുരം: ലോക ബാഡ്‌മിന്‍റൺ ചാംപ്യന്‍ പി വി സിന്ധു ഇന്ന് കേരളത്തിലെത്തും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന സര്‍ക്കാര്‍ സിന്ധുവിനെ ആദരിക്കും.

അമ്മ പി വിജയക്കൊപ്പം രാത്രി എട്ടിന് തിരുവനന്തപുരത്തെത്തുന്ന സിന്ധുവിനെ വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായികതാരങ്ങളും ചേര്‍ന്ന് സ്വീകരിക്കും. സംസ്ഥാന സര്‍ക്കാര്‍ അതിഥിയായി മാസ്‌ക്കറ്റ് ഹോട്ടലില്‍ തങ്ങുന്ന സിന്ധു നാളെ രാവിലെ  ആറിന് പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കും. 11 മണിക്ക് കേരള ഒളിംപിക് അസോസിയേഷന്‍ പുതിയ ആസ്ഥാനമന്ദിരം സന്ദര്‍ശിക്കുന്ന സിന്ധു മാധ്യമങ്ങളെ കണ്ടേക്കും.

വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോര്‍ജ് സ്റ്റേ‍ഡിയത്തില്‍ ആണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും. ഒളിംപിക്സില്‍ വെള്ളിമെഡൽ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു അവസാനം തിരുവനന്തപുരത്തെത്തിയത്.