മത്സരത്തിനൊടുവില്‍ ഇന്ത്യൻ താരം കൈ കൊടുക്കാനായി നെറ്റിന് അടുത്തേക്ക് പോയപ്പോഴാണ് പാക് താരം പ്രകോപനപരമായി പെരുമാറിയത്. ഇതിന്‍റെ വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഷൈംകെന്‍റ്(കസാഖിസ്ഥാന്‍): ജൂനിയര്‍ ഡേവിസ് കപ്പ് മത്സരത്തില്‍(അണ്ടർ 16) ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇന്ത്യൻ താരത്തോട് രോഷപ്രകടവുമായി പാക് ടെന്നീസ് താരം. കളിക്കൊടുവില്‍ കളിക്കാര്‍ പതിവായി നടത്തുന്ന ഹസ്തദാനത്തിന് തയാറെടുക്കുമ്പോഴാണ് പാക് താരം ഇന്ത്യയോടേറ്റ തോല്‍വിയിലുള്ള അരിശം തീര്‍ത്തത്. കസാഖിസ്ഥാനില്‍ ശനിയാഴ്ച നടന്ന ഏഷ്യാ-ഓഷ്യാനിയ ജൂനിയര്‍ ഡേവിസ് കപ്പ് പ്ലേ ഓഫ് മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവം.
ശനിയാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യൻ താരങ്ങളായ പ്രകാശ് സാരണും താവിഷ് പാഹ്‌വയും സിംഗിള്‍സ് പോരാട്ടത്തില്‍ പാക് എതിരാളികള്‍ക്കെതിരെ നേരിട്ടുള്ള സെറ്റുകളിൽ ജയിച്ചിരുന്നു. എന്നാല്‍ മത്സരത്തിനൊടുവില്‍ ഇന്ത്യൻ താരം കൈ കൊടുക്കാനായി നെറ്റിന് അടുത്തേക്ക് പോയപ്പോഴാണ് പാക് താരം പ്രകോപനപരമായി പെരുമാറിയത്. ഇതിന്‍റെ വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
9 മുതല്‍ 12 വരെയുള്ള പ്ലേ ഓഫ് സ്ഥാനങ്ങളിലേക്കുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ 1-2ന് പരാജയപ്പെട്ടശേഷമാണ് പാകിസ്ഥാനെതിരെ മത്സരിക്കാനിറങ്ങിയത്. രണ്ട് സിംഗിള്‍സ് മത്സരങ്ങളും ജയിച്ച് ഇന്ത്യ സമ്പൂര്‍ണ വിജയം നേടുകയും ചെയ്തിരുന്നു. മത്സരം പൂര്‍ത്തിയാക്കിയശേഷം പതിവ് ഹസ്തദാനത്തിനായി നെറ്റിന് അടുത്തെത്തി കൈ നീട്ടിയ ഇന്ത്യൻ താരത്തിന്‍റെ കൈകളില്‍ പാക് താരം ശക്തിയായി അടിക്കുകയായിരുന്നു. ആദ്യ തവണ കൈയില്‍ അടിച്ചുപോയ പാക് താരം വീണ്ടുമെത്തി ഇന്ത്യൻ താരത്തിന്‍റെ കൈയില്‍ അടിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് താരത്തിന്‍റെ മോശം പെരുമാറ്റത്തിനെതിരെയും സ്പോര്‍ട്സ്മാന്‍ഷിപ്പ് ഇല്ലാത്തതിനെയും രൂക്ഷമായ ഭാഷയിലാണ് ആരാധകര്‍ വിമര്‍ശിച്ചത്. അതേസമയം, പാക് താരത്തിന്‍റെ പ്രകോപനത്തിലും പതറാതെ സംയമനത്തോടെ നിന്ന ഇന്ത്യൻ താരത്തെ അഭിനന്ദിച്ചും ആരാധര്‍ രംഗത്തെത്തി.


