അടുത്ത മാസം പഞ്ചാബില്‍ നടക്കുന്ന പുരുഷ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, ചൈന, ജപ്പാന്‍, മലേഷ്യ, കൊറിയ എന്നിവയാണ് മറ്റ് ടീമുകള്‍. ജലന്ധറിലും മൊഹാലിയിലുമായാണ് മത്സരങ്ങള്‍ നടക്കുക.
അമൃത്സര്‍: അടുത്ത മാസം പഞ്ചാബില്‍ നടക്കുന്ന പുരുഷ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആറ് രാജ്യങ്ങളില്‍ പാകിസ്ഥാനും ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കളിക്കാന്‍ അനുമതി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 5 വരെ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന, ജപ്പാന്‍, മലേഷ്യ, കൊറിയ എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും.
ജലന്ധറിലെയും മൊഹാലിയിലെയും ഹോക്കി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ നിന്ന് ഏതെങ്കിലും ടീമുകള്‍ പിന്മാറുകയാണെങ്കില്‍ പകരം കളിക്കാന്‍ ഒമാന്‍, ബംഗ്ലാദേശ് എന്നീ രണ്ട് റിസര്‍വ് ടീമുകളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഷ്യന്‍ ഹോക്കി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റ് വാര്‍ഷിക മത്സരമാണെങ്കിലും കഴിഞ്ഞ വര്‍ഷം നടന്നിരുന്നില്ല. 2023ല്‍ ചെന്നൈയിലും 2024ല്‍ ചൈനയിലെ ഹുലുന്‍ബ്യൂറിലും കിരീടം ചൂടിയ ഇന്ത്യ നിലവിലെ ചാമ്പ്യന്മാരായാണ് ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. 'ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വ്യക്തിഗത പരമ്പരകള്‍ നടക്കണമെന്നില്ല.' മന്‍ പറഞ്ഞു.
ലീഗ് ഘട്ട മത്സരങ്ങള്‍ ജലന്ധറിലും സെമിഫൈനലും ഫൈനലും മൊഹാലി സ്റ്റേഡിയത്തിലുമാണ് നടക്കുകയെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ടൂര്‍ണമെന്റിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത മന്‍, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കാന്‍ പഞ്ചാബ് പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഹ്രസ്വമായ സൈനിക നടപടിയെത്തുടര്‍ന്ന് പാകിസ്ഥാനുമായി യാതൊരുവിധ ഉഭയകക്ഷി ബന്ധങ്ങളും പാടില്ലെന്നാണ് കേന്ദ്ര കായിക നയം വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഒളിമ്പിക് ചാര്‍ട്ടര്‍ അനുസരിച്ച്, ബഹുമുഖ ടൂര്‍ണമെന്റുകളില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പരം മത്സരിക്കാമെന്നും ഇത്തരം മത്സരങ്ങള്‍ക്കായി അതിര്‍ത്തി കടന്നെത്തുന്ന കായികതാരങ്ങളെ ഇന്ത്യ തടയില്ലെന്നും കായിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ കടുത്ത സംഘര്‍ഷങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ നടന്ന ജൂനിയര്‍ ലോകകപ്പ് ഹോക്കിയില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറിയിരുന്നു.

