കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാട് കിരീടമുറപ്പിച്ചു. സ്‌കൂളുകളില്‍ മാര്‍ ബേസില്‍, കല്ലടി പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 2016ന് ശേഷം ഇത് ആദ്യമായിട്ടാണ് പാലക്കാട് കായികോത്സവത്തില്‍ കിരീടം നേടുന്നത്. കല്ലടി, ബിഇഎം സ്‌കൂളുകളുടെ പ്രകടനമാണ് കിരീടനേട്ടത്തില്‍ നിര്‍ണായകമായത്. 

ദീര്‍ഘദൂര ഇനങ്ങളിലും റിലേയിലും പാലക്കാട് മികവ് കാണി്ച്ചു. അവസാനദിനം ഇത്രയും സമയം പിന്നിടുമ്പോമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് മുന്നില്‍ 34 പോയിന്റിന്റെ ലീഡുണ്ട് പാലക്കാടിന്. 169.3 പോയിന്റാണ് പാലക്കാടിനുള്ളത്. 135.4 പോയിന്റാണ് നിലവിലെ ചാംപ്യന്മാരായ എറണാകുളത്തിനുള്ളത്. ഇന്ന് രാവിലെ പ്രതീക്ഷിച്ചിരുന്ന 10 പോയിന്റെങ്കിലും എറണാകുളത്തിന് നഷ്ടമായി. ഇനി നടക്കാനുള്ള ഇനങ്ങളിലും പാലക്കാട് മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. 

ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ മറ്റൊരു വെങ്കലവും പാലക്കാടിനെ തേടിയെത്തി. മാത്രമല്ല  പോള്‍വോള്‍ട്ടില്‍ നാല് പോയിന്റും രാവിലെ ലഭിച്ചു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഒരു വെള്ളിയും മുന്‍ ചാംപ്യന്മാര്‍ നേടി. അങ്ങനെ കല്ലടി സ്‌കൂളിലൂടെ മാത്രം എട്ട് പോയിന്റാണ് പാലക്കാട് നേടിയത്. 

എന്നാല്‍ സ്‌കൂളുകളുടെ കാര്യത്തില്‍ ഫോട്ടോഫിനിഷിലേക്കാണ് മത്സരം നീളുന്നത്. നിലവില്‍ നാല് പോയിന്റ് വ്യത്യാസത്തില്‍ മാര്‍ ബേസിലിനെ പിന്നിലാക്കിയിരിക്കുകയാണ് കല്ലടി. 56 പോയിന്റാണ് കല്ലടിക്കുള്ളത്. മാര്‍ ബേസിലിന് 52 പോയിന്റുണ്ട്. വിധി നിര്‍ണയിക്കുക ഇനി വരുന്ന മത്സരങ്ങള്‍.