Asianet News MalayalamAsianet News Malayalam

ഒളിംപിക്സ് ഹോക്കി സെമിയിൽ ഇന്ത്യ പൊരുതി വീണു; ജർമനിയുടെ ജയം രണ്ടിനെതിരെ മൂന്ന് ഗോളിന്; ഇനി വെങ്കലമെഡൽ പോരാട്ടം

അവസാന മൂന്ന് മിനിറ്റില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പുറത്തുപോവേണ്ടിവന്നതും ഇന്ത്യയുടെ ആക്രമണങ്ങളെ ബാധിച്ചു.

Paris 2024 Olympics 2024:India vs Germany mens hockey semifinal LIVE updates,Germany beat India to reach Hockey Finals
Author
First Published Aug 7, 2024, 12:27 AM IST | Last Updated Aug 7, 2024, 12:27 AM IST

പാരീസ്: ഒളിംപിക്സ് പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യാവസാനം ആവേശകരമായി സെമി ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. ആദ്യ ക്വാര്‍ട്ടറില്‍ ലീഡെടുത്ത ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച ജർമനി ലീഡെടുത്തെങ്കിലും മൂന്നാം ക്വാര്‍ട്ടറില്‍ ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി ഒപ്പമെത്തി. എന്നാല്‍ കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കെ ലീഡെടുത്ത ജര്‍മനിക്കെതിരെ ഇന്ത്യ അവസാന നിമിഷം വരെ പൊരുതിയെങ്കിലും സമനില ഗോള്‍ കണ്ടെത്താനായില്ല.

അവസാന മൂന്ന് മിനിറ്റില്‍ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പുറത്തുപോവേണ്ടിവന്നതും ഇന്ത്യയുടെ ആക്രമണങ്ങളെ ബാധിച്ചു. ശ്രീജേഷില്ലാത്ത പോസ്റ്റില്‍ പെനല്‍റ്റി കോര്‍ണര്‍ പ്രതിരോധിച്ച ഇന്ത്യൻ താരങ്ങള്‍ അവസാന നിമിഷം രണ്ട് പ്രത്യാക്രമണങ്ങളിലൂടെ സമനില ഗോളിന് തൊട്ടടുത്ത് അടുത്തെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. അവസാന സെക്കന്‍ഡില്‍ ജര്‍മന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഷംഷേറിന് ലഭിച്ച സുവര്‍ണാവസരം നഷ്ടമായതോടെ ഇന്ത്യ ജര്‍മന്‍ കരുത്തിന് മുന്നില്‍ തലകുനിച്ചു. സെമിയില്‍ തോറ്റ ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ നേരിടും. കഴിഞ്ഞ ഒളിംപിക്സില്‍ ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടിയ ഇന്ത്യയോടുള്ള മധുപ്രതികാരം കൂടിയായി ജര്‍മനിക്ക് ഈ വിജയം.

തുടക്കത്തിലെ ആധിപത്യം കൈവിട്ടു

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യക്കെതിരെ തുടര്‍ച്ചയായി പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങി ജര്‍മനി പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടു. ഒടുവില്‍ ഏഴാം മിനിറ്റില്‍ ഇന്ത്യ മുന്നിലെത്തി. പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗിന്‍റെ ഡ്രാഗ് ഫ്ലിക്ക് ജര്‍മന്‍ ഡിഫന്‍ഡർ സ്വിക്കറുടെ സ്റ്റിക്കില്‍ തട്ടി ഡിഫ്ലക്ട് ചെയ്ത് പോസ്റ്റില്‍ കയറി. ഗോള്‍ നേടിയശേഷവും ഇന്ത്യ ആക്രമണം തുടര്‍ന്നതോടെ ജര്‍മനി പ്രതിരോധത്തിലായി.ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ ലീഡുമായി കയറിയ ഇന്ത്യക്കെതിരെ രണ്ടാം ക്വാര്‍ട്ടറില്‍ കൂടുതല്‍ ആസൂത്രിതമായാണ് രണ്ടാം ക്വാര്‍ട്ടറില്‍ ഇറങ്ങിയത്. അതിന് ഫലം കാണാന്‍ അധികം വൈകിയില്ല. പതിനെട്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ജര്‍മനി സമനില കണ്ടെത്തി. പ്യെല്ലറ്റാണ് ജര്‍മനിക്കായി സ്കോര്‍ ചെയ്തത്.

ഗോദയില്‍ വിനേഷ് ഫോഗട്ടിന്‍റെ വീരഗാഥ, ചരിത്രനേട്ടവുമായി ഗുസ്തി ഫൈനലില്‍;പാരീസില്‍ വീണ്ടും മെഡലുറപ്പിച്ച് ഇന്ത്യ

സമനില ഗോൾ വന്നതോടെ ജര്‍മനി കൂടുതല്‍ കരുത്തരായി. പ്യെല്ലറ്റ് തന്നെയാണ് രണ്ടാം ഗോളിലേക്കും ജര്‍മനിക്ക് വഴിതുറന്നത്. 27-ാം മിനിറ്റില്‍ സര്‍ക്കിളിനകത്തുവെച്ച് പ്യെല്ലറ്റിന്‍റെ ഷോട്ട് ജര്‍മന്‍പ്രീതിന്‍റെ  കാലില്‍ കൊണ്ടു. വിഡിയോ റഫറലിലൂടെ ജര്‍മനിക്ക് അനുകൂലമായി അംപയര്‍ പെനല്‍റ്റി സ്ട്രോക്ക് വിധിച്ചു. സ്ട്രോക്ക് എടുത്ത റോഹെര്‍ പി ആര്‍ ശ്രീജേഷിന് അവസരം നല്‍കാതെ പന്ത് പോസ്റ്റിലെത്തിച്ച് ജര്‍മനിക്ക് ലീഡ് സമ്മാനിച്ചു.

മൂന്നാം ക്വാര്‍ട്ടറില്‍ സമനില ഗോളിനായി ഇന്ത്യ കൈ മെയ് മറന്നു പൊരുതിയതോടെ ജര്‍മനി സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ 36ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍മറില്‍ നിന്ന് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തി. ക്യാപ്റ്റൻ ഹര്‍മന്‍പ്രീതിന്‍റെ ഫ്ലിക്ക് സുഖ്തീജിതിന്‍റെ സ്റ്റിക്കില്‍ തട്ടി ജര്‍മന്‍ പോസ്റ്റില്‍ കയറിയതോടെ ഇന്ത്യക്ക് ശ്വാസം നേരെ വീണു.

എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ ജര്‍മന്‍ ടാങ്കുകള്‍ ഇന്ത്യൻ പ്രതിരോധത്തെ വിറപ്പിച്ചു. പലപ്പോഴും ശ്രീജേഷിന്‍റെ മികവിലാണ് ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നത്. നാലാം ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ ആക്രമണങ്ങളെ പ്രതിരോധിക്കുക മാത്രമായിരുന്നു ഇന്ത്യയുടെ ജോലി.അവസാന ക്വാര്‍ട്ടറില്‍ ഒറ്റ പെനല്‍റ്റി കോര്‍ണര്‍ പോലും നേടാന്‍ ഇന്ത്യക്കായില്ല. എന്നാല്‍ ജര്‍മനി തുടര്‍ച്ചയായ ആക്രമണങ്ങളോടെ ഇന്ത്യൻ ഗോള്‍മുഖം വിറപ്പിച്ച് ഒടുവില്‍ വിജയഗോളിലേക്ക് വഴിതുറന്നു. 54-ാം മിനിറ്റില്‍ ഹെന്‍റിച്ചിസിന്‍റെ ഫ്ലിക്ക് മാര്‍ക്കോ മിൽറ്റ്കൗ ഗോളിലേക്ക് ഡിഫ്ലെക്ട് ചെയ്തപ്പോള്‍ ശ്രീജേഷിന് നിസഹായനായി നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios