Asianet News MalayalamAsianet News Malayalam

മണിക ബത്ര ഹീറോ; ചരിത്രം കുറിച്ച് വനിതാ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍, നാലാം സീഡുകളെ വീഴ്‌ത്തി

ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്

Paris Olympic 2024 Day 10 Manika Batra hero as Indian womens table tennis team beat Romania and into quarter final
Author
First Published Aug 5, 2024, 5:46 PM IST | Last Updated Aug 5, 2024, 5:56 PM IST

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. 3-2നാണ് ഇന്ത്യന്‍ വനിതാ ടീം മത്സരങ്ങള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. 

അമേരിക്ക-ജര്‍മനി പോരാട്ടത്തിലെ വിജയികളെ ഇന്ത്യ ക്വാര്‍ട്ടറില്‍ നാളെ (ഓഗസ്റ്റ് 6) വൈകിട്ട് ആറരയ്ക്ക് നേരിടും. 

മത്സരഫലങ്ങള്‍

മത്സരം 1:  ശ്രീജ/അര്‍ച്ചന v അഡീന/എലിസബെത്ത (3-0)

മത്സരം 2: മണിക ബത്ര v ബെര്‍ണാഡെറ്റെ ഷോക്‌സ് (3-0)

മത്സരം 3: ശ്രീജ അകുല v എലിസബെത്ത സമാര (2-3)

മത്സരം 4: അര്‍ച്ചന കാമത്ത് v ബെര്‍ണാഡെറ്റെ ഷോക്‌സ് (1-3)

മത്സരം 5: മണിക ബത്ര vs അഡീന ഡയമോനു (3-0)

മെഡലുകള്‍ക്കരികെ ഇന്ത്യ

പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിംഗില്‍ ഇന്ത്യ മറ്റൊരു മെഡലിനരികെ നില്‍ക്കുകയാണ്. മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയുടെ മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗും വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്‍റുകളുമായി ഇരുവരും നാലാമത് ഫിനിഷ് ചെയ്തതോടെയാണിത്. മഹേശ്വരി ചൗഹാന്‍ 74 ഉം ആനന്ദ്‌ജീത് 72 ഉം പോയിന്‍റുകള്‍ വീതം കരസ്ഥമാക്കി. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്‍റ് സ്ഥാനങ്ങളിലെത്തിയത്. 

ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.30ന് മഹേശ്വരി ചൗഹാന്‍- ആനന്ദ്‌ജീത് സിംഗ് സഖ്യം വെങ്കല മത്സരത്തിന് ഇറങ്ങും. ചൈനീസ് സഖ്യമാണ് ഇരുവര്‍ക്കും എതിരാളികള്‍. ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് മറ്റൊരു മെഡൽ പ്രതീക്ഷ കൂടിയുണ്ട്. പുരുഷ ബാഡ്‌മിന്‍റണിലെ വെങ്കല പോരാട്ടത്തിന് ലക്ഷ്യ സെൻ വൈകിട്ട് ആറ് മണിക്ക് ഇറങ്ങും.

Read more: ഷൂട്ടിംഗില്‍ മറ്റൊരു മെഡലിനരികെ ഇന്ത്യ; മഹേശ്വരി ചൗഹാന്‍- ആനന്ദ്‌ജീത് സിംഗ് സഖ്യം ഉടന്‍ ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios