Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സിലെ സങ്കടക്കടലായി നിഷ ദഹിയ; തോളിളകി കണ്ണീരോടെ പുറത്ത്

ക്വാര്‍ട്ടറില്‍ സോള്‍ ഗം പാകിനെതിരെ 8-2ന്‍റെ ലീഡുമായി ഇന്ത്യക്ക് വലിയ പ്രതീക്ഷ ഒരുവേള നിഷ ദഹിയ സമ്മാനിച്ചിരുന്നു

Paris Olympics 2024 injured Nisha Dahiya Loses to Sol Gum Pak in Quarterfinal of Womens 68kg Wrestling
Author
First Published Aug 5, 2024, 9:20 PM IST | Last Updated Aug 5, 2024, 9:23 PM IST

പാരിസ്: പാരിസ് ഒളിംപിക്‌സിലെ വനിതാ ഗുസ്‍തിയുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ നിഷ ദഹിയ കണ്ണീരോടെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉത്തര കൊറിയയുടെ സോള്‍ ഗം പാകിനെതിരെ 8-2ന് മുന്നിട്ടുനിന്ന ശേഷം കൈവിരലിനും തോളെല്ലിനും പരിക്കേറ്റതിനും തുടര്‍ന്ന് ഇന്ത്യന്‍ താരം 8-10ന് മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. 

അപ്രതീക്ഷിത തിരിച്ചടി

ക്വാര്‍ട്ടറില്‍ സോള്‍ ഗം പാകിനെതിരെ 8-2ന്‍റെ ലീഡുമായി ഇന്ത്യക്ക് വലിയ പ്രതീക്ഷ ഒരുവേള നിഷ ദഹിയ സമ്മാനിച്ചിരുന്നു. എന്നാല്‍ കൈവിരലിന് പരിക്കേറ്റതോടെ താരത്തിന്‍റെ അഭ്യര്‍ഥന പ്രകാരം മത്സരം നിര്‍ത്തിവച്ചു. മെഡിക്കല്‍ സഹായം തേടിയ ശേഷം ദഹിയ മത്സരം പുനരാരംഭിച്ചെങ്കിലും സെക്കന്‍ഡുകള്‍ക്കുള്ളില്‍ തോളിന് വേദനയുള്ളതായി പരാതിപ്പെട്ട് താരം ഫിസിയോയുടെ സഹായം തേടി. ദഹിയ വേദന കൊണ്ട് പുളയുന്നത് തത്സമയ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പരിക്കേറ്റതോടെ താരം ആക്രമണത്തില്‍ പിന്‍വലിഞ്ഞു. അതോടെ അവസരം മുതലാക്കിയ പതിനെട്ട് വയസുകാരിയായ സോള്‍ മത്സരം 8-10ന് സ്വന്തമാക്കുകയും സെമിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. കണ്ണീരോടെയാണ് പരിശീലകര്‍ക്കൊപ്പം നിഷ ദഹിയ കളം വിട്ടത്. നിഷ ദഹിയയും സോള്‍ ഗം പാകും 2024ലെ സീനിയര്‍ ഏഷ്യന്‍ ക്വാളിഫയറില്‍ മുഖാമുഖം വന്ന താരങ്ങള്‍ കൂടിയാണ്. 

അവിസ്‌മരണീയമായി ക്വാര്‍ട്ടറില്‍, പിന്നാലെ കണ്ണീര്‍

ഇന്നുതന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ യുക്രൈന്‍ താരം ടെറ്റിയാന റിഷ്‌കോയ്‌ക്കെതിരെ 6-4ന്‍റെ ജയവുമായാണ് നിഷ ദഹിയ ക്വാര്‍ട്ടറിലെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ ഒരുവേള 1-4 എന്ന നിലയില്‍ പിന്നിലായിരുന്ന ദഹിയ 6-4ന് അവിശ്വസനീയമായി തിരിച്ചെത്തി അടുത്ത റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. 65 കിലോ വിഭാഗത്തില്‍ യൂറോപ്യന്‍ മുന്‍ ചാമ്പ്യയാണ് ടെറ്റിയാന. 

Read more: ലക്ഷ്യം സഫലമായില്ല; ലക്ഷ്യ സെന്നിന് വെങ്കലം നഷ്‌ടം, വില്ലനായത് പരിക്ക്! ഇന്ത്യക്ക് വീണ്ടും നിരാശ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios