പത്തനംതിട്ട: പത്തനംതിട്ടയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം തുടങ്ങി.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്തോടെ 15 കോടി രൂപ ചിലവിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം ഒരുങ്ങുന്നത്.

15 കോടി വരുന്ന ഇൻഡോർ സ്റ്റേഡിയം പദ്ധതിക്ക് ആറ് കോടിയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്ര കായിക മന്ത്രാലയം അനുവദിച്ചിരിക്കുന്നത്. ട്രയൽ പൈലിംഗ് വിജയമായതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തികൾ തുടങ്ങി. മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് സ്റ്റേഡിയത്തിന്‍റെ അന്തിമ രൂപരേഖ അംഗീകരിച്ചത്.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കർ ഭൂമിയിലാണ് നിർമാണം. 40000 ചതുരശ്ര അടിയാണ് സ്റ്റേഡിയത്തിന്‍റെ വലുപ്പം. രണ്ട് ബാസ്കറ്റ് ബോൾ കോർട്ട് , മൂന്ന് വോളിബാൾ കോർട്ട്, ജിംനേഷ്യം, പുരുഷ വനിതാ അത്ലറ്റുകൾക്ക് പ്രത്യേകം ഡോർമിറ്ററികൾ , സമ്മേളന ഹാൾ തുടങ്ങിയവ സ്റ്റേഡിയത്തിലുണ്ടാകും.

ഒരേ സമയം രണ്ട് രാജ്യാന്തര മത്സരം നടത്താൻ കഴിയും. 5000 കാണികൾക്ക് ഇരിക്കാനും 600 വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും. സ്റ്റേഡിയ നിർമ്മാണത്തെചൊല്ലി നേരത്തെ നഗരസഭയിൽ പലതവണ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുത്തിരുന്നു. ആന്‍റോ ആന്‍റണി എം.പി ഇടപ്പെട്ടാണ് കായിക മന്ത്രാലയത്തിൽ നിന്ന് ഫണ്ട് അനുവദിച്ചത്.