ദില്ലി: പി വി സിന്ധുവിന്‍റെ ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സുവര്‍ണ്ണനേട്ടത്തിന് ഇടയില്‍ രാജ്യത്തിനായി നേട്ടം കരസ്ഥമാക്കിയ  പാരാ വേള്‍ഡ് ബാഡ്മിന്റണ്‍ താരങ്ങളെ തഴഞ്ഞതായി പരാതി. പാര ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ സുകാന്ത് കദം ട്വിറ്ററില്‍ പരാതി പറഞ്ഞതിന് പിന്നാലെ നേട്ടം കരസ്ഥമാക്കിയ താരങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

 ലോക ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു മെഡല്‍ നേടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ലോക ബാഡ്മിന്‍റണ്‍ ഫെഡറേഷന്‍റെ  പാരാ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പന്ത്രണ്ട് താരങ്ങളാണ് രാജ്യത്തിനായി മെഡലുകള്‍ നേടിയത്. 

മാനസി ജോഷി എന്ന മുപ്പതുകാരിയാണ് പാരാ ബാഡ്മിന്‍റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയത്. നിലവിലെ ചാമ്പ്യനും ഇന്ത്യയുടെ തന്നെ താരവുമായ പരൂള്‍ പാര്‍മെറിനെ തോല്‍പ്പിച്ചായിരുന്നു മാനസി ജോഷിയുടെ സുവര്‍ണ്ണനേട്ടം. ഈ വര്‍ഷം മൂന്ന് തവണ പരൂള്‍ പാര്‍മെറുമായി പരാജയം നേരിട്ട ശേഷമായിരുന്നു മാനസിയുടെ ലോകചാമ്പ്യന്‍ഷിപ്പ് നേട്ടം. ഇതിന് മുന്‍പ് മൂന്ന് തവണ ലോകചാമ്പ്യനായിട്ടുള്ള പരൂള്‍ പാര്‍മെറിനെ പരാജയപ്പെടുത്തിയതിനെക്കുറിച്ച് താന്‍ പൊരുതി നേടിയ നേട്ടമെന്നാണ് മാനസി പ്രതികരിച്ചത്. 

21-12, 21-7 എന്ന സ്കോറിനായിരുന്നു മാനസി ജോഷിയുടെ സുവര്‍ണ്ണനേട്ടം. പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നിന്ന് അടുത്ത കാലത്ത് നേടിയ പരിശീലനം വ്യക്തമാക്കുന്നതായിരുന്നു മാനസിയുടെ പ്രകടനം. 2015 മുതല്‍ പാര ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റുകളില്‍ സജീവമാണ് മാനസി ജോഷി. 2011ല്‍ ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്നാണ് മാനസിയുടെ ഇടത്കാല്‍ മുറിച്ച് നീക്കേണ്ടി വന്നത്. എന്നാല്‍ ബാഡ്മിന്‍റണിനോടുള്ള താത്പര്യം മാനസി ഉപേക്ഷിച്ചില്ല. പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് മാനസി ബാഡ്മിന്‍റണ്‍ പരിശീലനം തുടങ്ങുകയായിരുന്നു. 

2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ വെങ്കല മെഡലും മാനസി നേടിയിരുന്നു. 'ഇതിനായി വളരെ കഠിനാധ്വാനം ചെയ്തു, വിയര്‍പ്പും കഠിനാധ്വാനവും എല്ലാം ഫലം കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പുകളിലെ എന്‍റെ ആദ്യ സ്വര്‍ണ്ണമാണിത്' എന്ന പ്രതികരണത്തോടൊപ്പം സിന്ധുവിനെ അഭിനന്ദിക്കാനും മാനസി മറന്നില്ല. 

എന്നാല്‍ മാനസിയുടെ നേട്ടത്തെ രാജ്യം അവഗണിച്ചെന്ന പരാതിയാണ് പല മേഖലയിലുള്ളവരും ഉയര്‍ത്തുന്നത്. പി വി സിന്ധുവിനെ അഭിനന്ദിച്ച് ആശംസകള്‍ പങ്കുവച്ച പ്രധാനമന്ത്രി പാരാ ബാഡ്മിന്‍റണ്‍ താരങ്ങളെയും പരിഗണിക്കണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആവശ്യം ശക്തമായിരുന്നു. നിരവധിപ്പേരാണ് സിന്ധുവിനൊപ്പം മാനസിക്കും അഭിനന്ദനം നല്‍കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുള്ളത്. നടി തപ്സി പന്നു, കിരണ്‍ ബേദി, നടന്‍ പ്രഭാസ് തുടങ്ങിയവര്‍ മാനസിക്ക് അഭിനന്ദനവുമായിയെത്തി.