പ്രൈം വോളിബോൾ ലീഗിന്റെ അഞ്ചാം സീസൺ നവംബർ 30 മുതൽ അഹമ്മദാബാദിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ ആരംഭിക്കും. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിൽ അന്താരാഷ്ട്ര താരങ്ങൾക്കൊപ്പം ഇന്ത്യയിലെ മുൻനിര വോളിബോൾ താരങ്ങളും പങ്കെടുക്കും.
അഹമ്മദാബാദ്: പ്രൈം വോളിബോള്‍ ലീഗിന്റെ (പിവിഎല്‍) അഞ്ചാം സീസണ് അഹമ്മദാബാദില്‍ അരങ്ങേറും. നരന്‍പുരയിലെ വീര്‍ സവര്‍ക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ 2026 നവംബര്‍ 30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. രാജ്യത്തുടനീളം പ്രൊഫഷണല്‍ വോളിബോളിന്റെ സ്വാധീനവും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുകയെന്ന ലീഗിന്റെ ലക്ഷ്യവുമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന കായിക മാമാങ്കത്തില്‍ അന്താരാഷ്ട്ര പ്രതിഭകള്‍ക്കൊപ്പം ഇന്ത്യയിലെ മുന്‍നിര വോളിബോള്‍ താരങ്ങളും മാറ്റുരയ്ക്കും.
2030 കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള ഒരുക്കങ്ങളും 2036 ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങളായി അഹമ്മദാബാദ് ഒരു പ്രധാന കായിക കേന്ദ്രമായി സ്വയം ശക്തിപ്പെടുന്നതിനിടെയാണ് പ്രൈം വോളിബോള്‍ ലീഗ് സീസണ് 5 ന്റെ വേദി പ്രഖ്യാപനം. നഗരത്തിന്റെ അന്താരാഷ്ട്ര കായിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമായി വിഭാവനം ചെയ്ത വീര്‍ സവര്‍ക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ഇന്ത്യയിലെ മുന്‍നിര പ്രൊഫഷണല്‍ വോളിബോള്‍ ലീഗിന് അനുയോജ്യമായ വേദിയാണ് ഒരുക്കുന്നത്. കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും പത്ത് ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ്, ബെംഗളൂരു ടോര്‍പ്പിഡോസ്, കാലിക്കറ്റ് ഹീറോസ്, ചെന്നൈ ബ്ലിറ്റ്സ്, ഡല്‍ഹി തൂഫാന്‍സ്, ഗോവ ഗാര്‍ഡിയന്‍സ്, കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, മുംബൈ മിറ്റിയോര്‍സ്, തെലുങ്ക് ബ്ലാക്ക് ഹോക്സ് ടീമുകളാണ് മത്സരിക്കുക. ബെംഗളൂരു ടോര്‍പ്പിഡോസ് ആണ് നിലവിലെ ചാമ്പ്യന്മാര്.
ഈ വര്‍ഷം ആദ്യം, ഫെഡറേഷന് ഇന്റര്‍നാഷണല്‍ ഡി വോളിബോള്‍ (എഫ്ഐവിബി) ഇന്ത്യയിലെ ഒന്നാം ഡിവിഷന് പ്രൊഫഷണല്‍ വോളിബോള്‍ ലീഗായി പിവിഎലിനെ അംഗീകരിച്ചിരുന്നു. ഇതിനിടയില്‍, 2026 ഏഷ്യന്‍ ഗെയിംസ്, എവിസി കോണ്ടിനെന്റല് കപ്പ് ജപ്പാന്, അഹമ്മദാബാദില്‍ നടന്ന എവിസി പുരുഷ കപ്പ് എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളെത്തുടര്‍ന്ന് എഫ്ഐവിബി റാങ്കിംഗില്‍ ഇന്ത്യന്‍ പുരുഷ ദേശീയ ടീം ലോക റാങ്കിംഗില്‍ 60-ാം സ്ഥാനത്തുനിന്ന് 42-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
സീസണ് 5 അഹമ്മദാബാദിലേക്ക് എത്തിക്കുന്നത് ഇന്ത്യയിലുടനീളം പ്രൊഫഷണല്‍ വോളിബോള്‍ വളര്‍ത്താനുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണെന്ന്
പ്രൈം വോളിബോള്‍ ലീഗ് സിഇഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. അഹമ്മദാബാദിന്റെ വളര്‍ന്നുവരുന്ന കായിക അഭിലാഷങ്ങളും ഇന്ത്യന്‍ പുരുഷ ദേശീയ ടീമിന്റെ മുന്നേറ്റവും കണക്കിലെടുക്കുമ്പോള്‍, പിവിഎലിനെ ഈ നഗരത്തിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും ആവേശകരമായ സമയമാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രൈം വോളിബോള്‍ ലീഗിനെ അഹമ്മദാബാദിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ടെന്ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് ഉടമ പ്രവീണ്‍ ചൗധരി പറഞ്ഞു. വീര്‍ സവര്‍ക്കര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ പിവിഎല്‍ സംഘടിപ്പിക്കുന്നത് നഗരത്തിന്റെ കായിക ശേഷി പ്രകടിപ്പിക്കാനുള്ള മറ്റൊരു മികച്ച അവസരമാണെന്ന് ബേസ്ലൈന് വെഞ്ചേഴ്സ് എംഡിയും സഹസ്ഥാപകനും പ്രൈം വോളിബോള്‍ ലീഗ് ഡയറക്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു.





