ഷാംഗ്ഹായ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ചതിന്റെ തിളക്കവുമായി എത്തിയ ഇന്ത്യയുടെ പി.വി.സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കാലിടറി. രണ്ടാം റൗണ്ട് പോരാട്ടത്തില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോചുവോംഗാണ് സിന്ധുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍ 21-12, 13-21, 19-21.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷെ രണ്ടാം ഗെയിമില്‍ തുടക്കത്തിലെ പിഴച്ചു. രണ്ടാം ഗെയിമില്‍ തുടക്കത്തിലെ 5-1ന് ചോചുവോംഗ് ലീഡെടുത്തു. 7-9ന് സിന്ധു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും ചോചുവോംഗ് തുടര്‍ച്ചയായി ആറ് പോയന്റുകള്‍ നേടി ചോചുവോംഗ് 15-7ന് ലീഡെടുത്തു. പിന്നീട് സിന്ധുവിന് ഗെയിമില്‍ തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

നിര്‍ണായക മൂന്നാം ഗെയിമില്‍ 6-6ന് ഒപ്പമെത്തിയ സിന്ധു പിന്നീട് 11-7ന് മുന്നിലെത്തി. എന്നാല്‍ സാവധാനം കളിയിലേക്ക് തിരിച്ചെത്തിയ ചോചുവോംഗ് 15-19ന് ലീഡെടുത്തു. നാലു പോയന്റുകള്‍ കൂടി നേടിയെങ്കിലും 21-19ന് ചോചുവോംഗ് ഗെയിമും മത്സരവും സ്വന്തമാക്കി. സിന്ധു പുറത്തായതോടെ വനിതാ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷകളും അവസാനിച്ചു. നേരത്തെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.