ഹൈദരാബാദ്: ഒളിംപിക് ക്യാംപ് ഉപേക്ഷിച്ചുള്ള  പി വി സിന്ധുവിന്‍റെ ലണ്ടന്‍ യാത്ര വിവാദത്തിൽ.  കുടുംബവുമായുള്ള ഭിന്നത കാരണം  സിന്ധു രാജ്യം വിട്ടെന്നായിരുന്നു  റിപ്പോര്‍ട്ട്. എന്നാല്‍ മാതാപിതാക്കളുമായി ഭിന്നതയില്ലെന്നും എല്ലാ ദിവസവും സംസാരിക്കാറുണ്ടെന്നും സിന്ധു ട്വിറ്ററില്‍ വിശദീകരിച്ചു. തന്‍റെ കരിയറിനായി ജീവിതം തന്നെ മാറ്റിവെച്ചവരാണ് മാതിപിതാക്കളെന്നും അവരോട് തനിക്ക് എങ്ങനെയാണ് അഭിപ്രായവ്യത്യാസമുണ്ടാകുകയെന്നും സിന്ധു ചോദിച്ചു.

മാതാപിതാക്കളുടെ അനുമതിയോടെയാണ് ലണ്ടന്‍ യാത്രയെന്നും കുടുംബത്തിൽ ഒരു ഭിന്നതയുമില്ലെന്നും  സിന്ധു ഇന്ന് വിശദീകരിച്ചു. അതുപോലെ പരിശീലകന്‍ പി ഗോപിചന്ദുമായോ അദ്ദേഹത്തിന്‍റെ അക്കാദമിയിലെ പരിശീലന സൗകര്യങ്ങളിലോ തനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും സിന്ധു പറഞ്ഞു. ഒരു ദേശീയ പത്രത്തിന്‍റെ ലേഖകന്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണെന്നും സിന്ധു പറഞ്ഞു.

ഒളിംപിക് ക്യാംപ് ഉപേക്ഷിച്ചായിരുന്നു പൊടുന്നനെയുള്ള സിന്ധുവിന്‍റെ ലണ്ടന്‍ യാത്ര.പരിശീലനത്തിനായി ഇംഗ്ലണ്ടിലായിരിക്കുന്നതിൽ സന്തോഷം എന്ന  കുറിപ്പോടെ ഇന്നലെയാണ് പി വി സിന്ധു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. എന്നാൽ 10 ദിവസം മുന്‍പേ സിന്ധു ലണ്ടനില്‍ എത്തിയെന്നാണ് വിവരം . അച്ഛനോ അമ്മയോ ഒപ്പമില്ലാതെ സിന്ധു ആദ്യമായാണ് വിദേശ യാത്ര നടത്തുന്നത്.

ഒരു ബ്രിട്ടീഷ് ഡബിള്‍സ് താരവുമായി സിന്ധു പ്രണയത്തിലാണെന്നും ഇതെച്ചൊല്ലി കുടുംബവുമായി തെറ്റിയെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.നാട്ടിലേക്ക് തിരികെ വരണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സിന്ധു വഴങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.  ബ്രിട്ടീഷ് ടീമിനൊപ്പമാകും അടുത്ത മൂന്ന് മാസം സിന്ധു പരിശീലനം നടത്തുക.

അതേസമയം  ഒളിംപിക്സിന് മാസങ്ങള്‍ മാത്രം ബാക്കിനിൽക്കെ സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങള്‍ സിന്ധുവിന്‍റെ മെഡൽ സാധ്യതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുകയാണ്.