സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു സെമിയിലെത്തി. കടുത്ത പോരാട്ടത്തിനൊടുവില്‍ ചൈനയുടെ കൗമാര താരം സായ് യന്യാനെയാണ് സിന്ധു ഒന്നിനെതിരെ രണ്ടു ഗെയിമുകളില്‍ കീഴടക്കിയത്. സ്കോര്‍  21-13, 17-21, 21-14.

ആദ്യ ഗെയിം അനായാസം സ്വന്തമാക്കിയ സിന്ധുവിനെ ഞെട്ടിച്ച് യന്യാന്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ചു. 17-21ന് രണ്ടാം ഗെയിം സ്വന്തമാക്കിയ യന്യാന് പക്ഷെ മൂന്നാം ഗെയിമില്‍ അടിതെറ്റി. തുടക്കത്തിലെ 11-5ന്റെ ലീഡെടുത്ത സിന്ധു പിന്നീട് അത് വിട്ടുകൊടുത്തില്ല. ശനിയാഴ്ച നടക്കുന്ന സെമിയില്‍ സൈന നെഹ്‌വാളിനെ ക്വാര്‍ട്ടറില്‍ മറികടന്ന ജപ്പാന്റെ നൊസോമി ഒക്കാഹുറയാണ് സിന്ധുവിന്റെ എതിരാളി.

ഒക്കാഹുറക്കെതിരെ പോരാട്ടം പോലുമില്ലാതെയാണ് സൈന കീഴടങ്ങിയത്. ആദ്യ ഗെയിമില്‍ 0-9ന് പിന്നിലായ സൈനക്ക് പിന്നീട് തിരിച്ചുവരാനായില്ല. 21-8ന് ഒക്കാഹുറ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാംഗെയിമില്‍ നാലു പോയന്റ് ലീഡെടുത്തെങ്കിലും ശക്തമായി തിരിച്ചടിച്ച ഒക്കാഹുറ 21-13ന് ഗെയിമും മത്സരവും സ്വന്തമാക്കി.