ലണ്ടന്‍: ആരാധകരെ ഞെട്ടിച്ച് ഇന്ത്യയുടെ ഇതിഹാസ ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഞാന്‍ വിരമിക്കുവെന്ന സിന്ധുവിന്റെ ട്വീറ്റാണ് കഴിഞ്ഞ കുറച്ചുസമയത്തിനിടെ ചര്‍ച്ചയായിരിക്കുന്നത്. ആരാധകര്‍ക്ക് ഷോക്കുണ്ടായ സിന്ധുവിന്റെ ട്വീറ്റിന്‍റെ ഉള്ളടക്കം  ഇങ്ങനെ...  ''ഡെന്‍മാര്‍ക്ക് ഓപ്പണില്‍ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നു. അതിന് പിന്നാലെ ഞാന്‍ വിരമിക്കുകയാണ്.'' സിന്ധു കുറിച്ചിട്ടു. ആരാധകരില്‍ ഏറെ ആശയകുഴപ്പമുണ്ടാക്കിയ ട്വീറ്റില്‍ തന്റെ കരിയറിനെ കുറിച്ചല്ല, പകരം കൊവിഡ് ഉണ്ടാക്കിയ മോശം സാഹചര്യത്തെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയ്തതത്.

ആരാധകരില്‍ ആശയകുഴപ്പമുണ്ടാക്കിയ ട്വീറ്റിന്റെ തുടക്കം... ''എന്റെ ചിന്തകളെ ശരിയായ പാതയില്‍ കൊണ്ടുവരാന്‍ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ഈ കെട്ട കാലമാണ് എന്റെ മനസ് മടുപ്പിച്ചതെന്ന് ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളെ ഞെട്ടിപ്പിക്കുന്നതും ആശയകുഴപ്പമുണ്ടാക്കുന്നതുമായ ആ തീരുമാനം ഞാനെടുക്കുകയാണ്. ഞാന്‍ ബാഡ്മിന്റണ്‍ അവസാനിപ്പിക്കാന്‍ പോകുന്നു. എന്നാല്‍ ഈ ്ട്വീറ്റ് വായിച്ചുകഴിഞ്ഞാന്‍ എന്റെ മനസിലുള്ളതിന്റെ പൊരുള്‍ നിങ്ങള്‍ക്ക് മനസിലാവും. നിങ്ങള്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്യും.'' സിന്ധു കുറിച്ചിട്ടു. 

പിന്നീട് പറയുന്നതെല്ലാം കൊവിഡിനെ കുറിച്ചാണ്. അതിങ്ങനെ.. ''കണ്ടുപിടിക്കാനാവാത്ത വൈറസിനെ ഞാന്‍ എങ്ങനെയാണ് മറികടക്കുക. ശക്തരായ ഏതൊരു എതിരാളിയെ നേരിടുമ്പോഴും ഞാന്‍ കഠിന പരിശീലനം നടത്താറുണ്ടായിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ എങ്ങനെയാണ് നേരിടുക. ഇക്കാലത്ത് എന്തെല്ലാം ദുരന്തവാര്‍ത്തകളാണ് നമ്മള്‍ മാധ്യമങ്ങളില്‍ കാണുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഡെന്മാര്‍ക്ക് ഓപ്പണില്‍ കളിക്കാന്‍ കഴിയാത്തതായിരുന്നു അവസാനത്തേത്.

ഇനി അനാവശ്യ ചിന്തികളില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്. ആശയകുഴപ്പങ്ങളില്‍ നിന്ന്, ഭീതിയില്‍ നിന്നെല്ലാം ഞാന്‍ വിരമിക്കുകയാണ്. വൈറസിനെതിരെ പൊരുതാന്‍ ഞാന്‍ തീരുമാനിച്ചു. അലംഭാവത്തോടെയുള്ള ഈ സമീപനത്തില്‍ നിന്നും ഞാന്‍ വിരമിക്കുന്നു.'' സിന്ധു കുറിച്ചിട്ടു. 

യഥാര്‍ത്ഥത്തില്‍ കൊറോണക്കാലത്ത് സ്വീകിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സിന്ധു ട്വീറ്റ് ചെയതത്. എ്ന്നാല്‍ ആശയകുഴപ്പമുണ്ടാക്കിയത് വിരമിക്കുന്നുവെന്ന വാക്കാണ്. അടുത്ത് നടക്കുന്ന ഏഷ്യ ഓപ്പണിന് കഠിന പരിശീലന നടത്തുമെന്നും സിന്ധു ട്വീറ്റില്‍ പറഞ്ഞു.