ന്യൂയോര്‍ക്ക്: ഓട്ടോഗ്രാഫിനായി തിരക്കുകൂട്ടിയ ആരാധകര്‍ക്കിടയില്‍പ്പെട്ടുപോയെ ബാലനെ തിരക്കിനിടയില്‍ നിന്ന് രക്ഷിച്ച് ടെന്നീസ് താരം റാഫേല്‍ നദാല്‍. യുഎസ് ഓപ്പണ്‍ ടെന്നീസിനിടെയാണ് കുഞ്ഞ് ആരാധകനുനേരെ നദാലിന്റെ സ്നേഹ സ്പര്‍ശം എത്തിയത്.

യുഎസ് ഓപ്പണിലെ മൂന്നാം റൗണ്ട് പോരാട്ടത്തിനുശേഷം  മടങ്ങിയ നദാലിന് അടുത്തേക്കാണ് ആരാധകര്‍ ഓട്ടോഗ്രാഫിനായി കൂട്ടത്തോടെ തിക്കി തിരക്കി എത്തിയത്. ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ട് കൊടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് തിരിക്കിനിടയില്‍പെട്ട് ശ്വാസം കിട്ടാതെ കരയുന്ന കുഞ്ഞ് ബാലനെ നദാല്‍ ശ്രദ്ധിച്ചത്. ഉടന്‍ അവനെ തിരക്കില്‍ നിന്ന് പൊക്കിയെടുത്ത് സമീപത്ത് നിര്‍ത്തിയ നദാല്‍ കണ്ണീര്‍ത്തുടച്ച് അവനെ അരികത്തു നിര്‍ത്തി ആശ്വസിപ്പിച്ചു.

കരച്ചില്‍ നിര്‍ത്തിയെന്ന് ഉറപ്പാക്കിയശേഷം കുഞ്ഞ് ആരാധകന്റെ തൊപ്പി വാങ്ങി അതില്‍ ഓട്ടോഗ്രാഫ് ഒപ്പിട്ടുകൊടുത്തശേഷമാണ് നദാല്‍ മടങ്ങിയത്. യുഎസ് ഓപ്പണില്‍ നാലാം കിരിടം ലക്ഷ്യമിടുന്ന നദാല്‍ കൊറിയയുടെ ഹിയോണ്‍ ചംഗിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് നാലാം റൗണ്ടിലെത്തിയത്. 2014ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടിയിട്ടുള്ള മാരിന്‍ സിലിച്ചാണ് പ്രീ ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.