ദില്ലി: ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ റോജർ ഫെഡററെ റാഫേൽ നദാൽ മറികടക്കുമെന്ന് ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സ്. വിരമിച്ചതിന് ശേഷം ഇന്ത്യൻ ടെന്നിസിന്റെ ഉന്നമനത്തിനായി പ്രവ‍ർത്തിക്കുമെന്നും പെയ്സ് പറഞ്ഞു.

ഇതിഹാസങ്ങൾ ഏറെയുണ്ടെങ്കിലും ടെന്നിസിലെ എക്കാലത്തേയും മികച്ച താരം ആരെന്ന ചോദ്യത്തിന് ലിയാൻഡർ പെയ്സിന് ഒറ്റ ഉത്തരമേയുള്ളൂ. എല്ലാ പ്രതലത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ഫെഡറർക്ക് തുല്യൻ ആരുമില്ല. പക്ഷേ, ഗ്രാൻസ്ലാം കിരീടനേട്ടത്തിൽ ഫെഡററെ റാഫേൽ നദാൽ മറികടക്കുമെന്നാണ് ലിയാൻഡർ പെയ്സിന്‍റെ വിലയിരുത്തല്‍. 

കരിയറിൽ ഒരിക്കൽ ഫെഡററെ തോൽപിച്ച മധുരിക്കുന്ന ഓർമ്മകളുമുണ്ട് ഇന്ത്യൻ ടെന്നിസ് ഇതിഹാസത്തിന്. രണ്ടായിരത്തിൽ ഇന്ത്യൻ വെൽസ് ടൂർണമെന്റിലാണ് പെയ്സ് ഫെഡററെ തോൽപിച്ചത്. ലേസർ ബീം പോലെ അന്ന് ഫെഡറർ തൊടുത്തൊരു ബാക്ക്ഹാൻഡ് ഷോട്ട് ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. വിരമിച്ചതിന് ശേഷം ഇന്ത്യയിൽ നിന്നൊരു സിംഗിൾസ് ഗ്രാൻസ്ലാം കിരീടവിജയിയെ വളർത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും പെയ്സ് പറയുന്നു. 

ഡബിൾസിൽ 135ലേറെയും മിക്‌സഡ് ഡബിൾസിൽ ഇരുപത്തിനാലും പങ്കാളികളുണ്ടായെങ്കിലും മികവ് കാട്ടാനായത് മാർട്ടീന നവരത്തിലോവയ്‌ക്കും മാർട്ടീന ഹിംഗിസിനൊപ്പമെന്ന് പെയ്‌സ് വ്യക്തമാക്കി. മുപ്പത്തിയൊന്നു വ‍ർഷത്തെ ടെന്നിസ് ജീവിതത്തിൽ ഏറ്റവും അഭിമാനവും സംതൃപ്തിയും നൽകുന്നത് ഇന്ത്യൻ ജഴ്സിയണിയുമ്പോഴാണെന്നും നാൽപ്പത്തിയാറുകാരനായ പെയ്സ് പറഞ്ഞു.