ആദ്യ സെറ്റില്‍ ആധികാരിക പ്രകടനവുമായി മുന്നേറിയ നദാല്‍ അനായാസം സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച തീം ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 5-7ന് സെറ്റ് നേടിയതോടെ പോരാട്ടം പ്രതീക്ഷിച്ചവര്‍ ഏറെ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍ 6-3, 5-7, 6-1, 6-1. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ പന്ത്രണ്ടാം കിരീടമാണിത്.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായിരുന്നു ഇത്തവണത്തെ ഫൈനലും. ആദ്യ സെറ്റില്‍ ആധികാരിക പ്രകടനവുമായി മുന്നേറിയ നദാല്‍ അനായാസം സെറ്റ് സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ തിരിച്ചടിച്ച തീം ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിനൊടുവില്‍ 5-7ന് സെറ്റ് നേടിയതോടെ പോരാട്ടം പ്രതീക്ഷിച്ചവര്‍ ഏറെ. എന്നാല്‍ സംശയാലുക്കളെയെല്ലാം റിട്ടേണടിച്ച് നദാല്‍ മൂന്നും നാലും സെറ്റുകളില്‍ തീമിന് ഒരവസരവും നല്‍കാതെ സ്വന്തമാക്കി. ഒപ്പം കിരീടവും.

Scroll to load tweet…

നദാലിന്റെ കരിയറിലെ പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള റോജര്‍ ഫെഡററാണ് ഇനി നദാലിന് മുന്നിലുള്ളത്. ഒരു ഗ്രാന്‍സ്ലാമില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന താരമെന്ന റെക്കോര്‍ഡും ഫ്രഞ്ച് ഓപ്പണിലെ പന്ത്രണ്ടാം കിരീടനേട്ടത്തോടെ നദാല്‍ സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 11 കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡാണ് നദാല്‍ ഇന്ന് മറികടന്നത്.