2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്‌സി നിറം മാറ്റാന്‍ ഹോക്കി ഇന്ത്യ ശുപാര്‍ശ ചെയ്തു. നീല നിറത്തിന് ഒന്നാം സ്ഥാനവും കാവി നിറത്തിന് രണ്ടാം സ്ഥാനവും നല്‍കാനാണ് നിര്‍ദ്ദേശം. ഈ മാറ്റം ഏഷ്യന്‍ ഗെയിംസിന് മാത്രമുള്ളതാണെന്നും കാവി നിറം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

ദില്ലി: 2026-ലെ ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യന്‍ ഹോക്കി ടീമുകളുടെ ജേഴ്‌സി നിറങ്ങളില്‍ മാറ്റം വരുത്താന്‍ ഹോക്കി ഇന്ത്യ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ശുപാര്‍ശ നല്‍കി. നീല നിറം ഒന്നാമതായി പരിഗണിക്കാനും കാവി നിറം രണ്ടാം മുന്‍ഗണനയായും നല്‍കിയതായി ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.

ടൂര്‍ണമെന്റിനായി നല്‍കിയ ഈ താത്കാലിക നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, ടീം സ്ഥിരമായി നീല ജേഴ്‌സിയിലേക്ക് തിരിച്ചെത്തിയെന്ന തരത്തില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ഏഷ്യന്‍ ഗെയിംസിനായി മാത്രമുള്ളതാണെന്നും, കാവി നിറം പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഭാവി ടൂര്‍ണമെന്റുകളിലെ ജേഴ്‌സി നിറങ്ങള്‍ സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിര്‍ക്കിയും ട്രഷറര്‍ ശേഖര്‍ ജെ മനോഹരനും വ്യക്തമാക്കി.

നേരത്തെ ഹോക്കി ലോകകപ്പിനിടെ കാവി നിറം പ്രധാന ജേഴ്‌സിയായി അവതരിപ്പിച്ചത് വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പരമ്പരാഗതമായി നീല നിറത്തോടാണ് ഇന്ത്യന്‍ ഹോക്കി ടീമുകള്‍ ഇണങ്ങിയിട്ടുള്ളത്. ഏഷ്യന്‍ ഗെയിംസിനായുള്ള ഔദ്യോഗിക ജേഴ്‌സികളുടെ അന്തിമ രൂപവും ഡിസൈനും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ തീരുമാനം ടൂര്‍ണമെന്റിനായുള്ള നിറങ്ങളുടെ മുന്‍ഗണന മാത്രമാണെന്നും അന്തിമ ഔദ്യോഗിക കിറ്റുകള്‍ പുറത്തുവരുമ്പോള്‍ മാത്രമേ പൂര്‍ണ ചിത്രം വ്യക്തമാകൂ എന്നും ഫെഡറേഷന്‍ അറിയിച്ചു.

YouTube video player