തിരുവവന്തപുരം: സംസ്ഥാന റൈഫിൾ അസോസിയേഷനിൽ ഭിന്നത രൂക്ഷം. വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ദ്രോണാചാര്യ സണ്ണി തോമസടക്കം നാല് പേ‍ർക്ക് എതിരെ അസോസിയേഷനിലെ ഒരുവിഭാഗം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് സണ്ണി തോമസ് പ്രതികരിച്ചു.

2017ൽ ന‍ടന്ന നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ KSRAയുടെ വ്യാജലെറ്റർ പാഡിൽ കത്തുണ്ടാക്കി സമർപ്പിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇത് സംബന്ധിച്ച് കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി ഡേവിഡ് ജോണാണ് തൊടുപുഴ മുട്ടം പൊലീസിൽ പരാതി നൽകിയത്.

പരാതിയിൽ റൈഫിൾ ക്ലബ്ബ് സെക്രട്ടറി വി സി ജെയിംസ്, ദേവസ്യ കുര്യൻ, ഷൂട്ടിംഗ് കോച്ച് സണ്ണി തോമസ്, പി ഒ ഉമ്മൻ എന്നിവർക്ക് എതിരെ മുട്ടം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്ന് സണ്ണി തോമസ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. മുൻ സംസ്ഥാന പ്രസിഡന്‍റ് കൃഷ്ണമൂർത്തിയാണ് കത്ത് തയ്യാറാക്കി നൽകിയത്. സംസ്ഥാന റൈഫിൾ അസോസിയേഷൻ പുനസംഘടിപ്പിക്കാനിരിക്കെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണോ ഇപ്പോൾ കേസ് നൽകിയതെന്ന് സംശയിക്കുന്നതായി സണ്ണി തോമസ് പറഞ്ഞു.

കേരള സ്റ്റേറ്റ് റൈഫിൾ അസോസിയേഷനിൽ വർഷങ്ങളായി ഭിന്നതയുണ്ട്. 2013ന് ശേഷം തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. താത്കാലികമായി നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി പൂർത്തിയായിട്ടും മാസങ്ങളായി. പരാതിയിൽ അന്വേഷണം പുരോഗമിക്കുയാണെന്നും പ്രതികളിൽ നിന്ന് വരും ദിവസങ്ങളിൽ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.