ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യു എസ് ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് താരം ഡാന്‍ ഇവാന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അടുത്ത റൗണ്ടിലെത്തിയത്. അതേസമയം, ഏഴാം സീഡ് ജപ്പാന്റെ കീ നിഷികോറി മൂന്നാം റൗണ്ടില്‍ തോറ്റ് പുറത്തായി. വനിതകളില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവ നാലാം റൗണ്ടിലെത്തി. 

ഇവാന്‍സിനെതിരെ 6-2, 6-2, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. ഇതിന് മുമ്പ് നടന്ന രണ്ട് റൗണ്ടുകളിലും ഫെഡറര്‍ ആദ്യ സെറ്റ് വിട്ടുകൊടുത്തിരുന്നു. മറ്റൊരു മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ 20കാരന്‍ അലക്‌സ് ഡി മിനൗര്‍ നിഷികോറിയെ അട്ടിമറിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിന്നു മിനൗറിന്റെ ജയം. സ്‌കോര്‍ 6-2, 6-4, 2-6, 6-3. 

വനിതകളില്‍  പ്ലിസ്‌കോവ 1-6, 6-4, 4-6ന് ടൂനീഷ്യയുടെ ഒന്‍സ് ജബേറിനെ പരാജയപ്പെടുത്തി. 12ാം സീഡ് അനസ്താസിയ സെവറ്റോവ മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടു. ക്രൊയേഷ്യന്‍ താരം പെട്ര മാട്രിച്ച് 6-4, 6-3 എന്ന സ്‌കോറിനാണ് ലാത്വിയന്‍ താരത്തെ തോല്‍പ്പിച്ചത്.