മിയാമി: കരിയറിലെ 101ാം കിരീടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍. മിയാമി ഓപ്പണ്‍ ഫൈനലില്‍ ജോണ്‍ ഇസ്‌നറെ തോല്‍പ്പിച്ചതോടെയാണ് ഫെഡറര്‍ കിരീടനേട്ടം 101ലേക്ക് ഉയര്‍ത്തിയത്. 6-1 6-4 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. നാലാം തവണയാണ് ഫെഡറര്‍ മിയാമി ഓപ്പണില്‍ കിരീടം സ്വന്തമാക്കുന്നത്. ഈ വര്‍ഷം രണ്ട് കിരീടം നേടുന്ന ആദ്യതാരം കൂടിയായി ഫെഡറര്‍.

109 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്‌സ് മാത്രമാണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. വിജയത്തോടെ വര്‍ഷാവസാനം ലണ്ടനില്‍ നടക്കുന്ന എടിപി വേള്‍ഡ് ടൂറില്‍ മത്സരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനും ഫെഡര്‍ക്ക് സാധിച്ചു. നോവാക് ജോക്കോവിച്ചിനെയാണ് ഫെഡറര്‍ പിന്തള്ളിയത്. ഫെഡറര്‍ക്ക് 2280 പോയിന്റാണുള്ളത്. രണ്ടാമതുള്ള ജോക്കോവിച്ചിന് 2225 പോയിന്റുണ്ട്. 

ഇതിന് മുമ്പ് നടന്ന ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സില്‍ ഫെഡറര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. അന്ന് ഡൊമിനിക് തീമിനോടാണ് ഫെഡറര്‍ പരാജയപ്പെട്ടത്.