ബേണ്‍: പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടെന്നിസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍. അടുത്തിടെ രണ്ട് ശസ്ത്രക്രിയകളാണ് ഫെഡറര്‍ക്ക് ചെയ്യേണ്ടി വന്നത്. കഴിഞ്ഞ കുറച്ച് ദിവങ്ങള്‍ക്കിടെ താരം പരിശീലനവും ആരംഭിച്ചിരുന്നു. എന്നാല്‍ പരിക്ക് മാറാന്‍ കൂടുതല്‍ സമയമെടുക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. 

അതുകൊണ്ടുതന്നെ ജനുവരിയില്‍ ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഫെഡറര്‍ അറിയിച്ചു. അടുത്ത ഒക്ടോബറില്‍ താന്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കൂ എന്നും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനുള്ള സാധ്യത കുറവാണെന്നും ഫെഡറര്‍ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമി ഫൈനലിലാണ് ഫെഡറര്‍ അവസാനമായി കളിച്ചത്. അന്ന് സെമിയില്‍ സെര്‍ബിയന്‍ താരം നോവാക് ജോക്കോവിച്ചിനോട് തോല്‍ക്കുകകയായിരുന്നു. 

20 ഗ്രാന്‍സ്ലാം കിരീടം നേടിയ ഫെഡറര്‍ ഈ വര്‍ഷം മിക്ക ടൂര്‍ണമെന്റില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ജനുവരി 18 മുതല്‍ 31 വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍നടക്കുക. അടുത്ത ഓഗസ്റ്റില്‍ 40 വയസ് തികയുന്ന ഫെഡറര്‍ ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ട്.