ന്യൂയോര്‍ക്ക്: റോജര്‍ ഫെഡറര്‍ യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഫെഡററുടെ മുന്നേറ്റം. വനിതകളില്‍ രണ്ടാം സീഡ് അഷ്‌ലി ബാര്‍ട്ടി അട്ടിമറിക്കപ്പെട്ടതാണ് മറ്റൊരു പ്രത്യേകത. 

ടൂര്‍ണമെന്റിലെ 15ാം സീഡായ ഗോഫിന് ഫെഡററെ ഒരു തരത്തിലും വെല്ലുവിളിക്കാനായില്ല. 6-2, 6-2, 6-0 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മൂന്നാം സീഡായ ഫെഡററുടെ ജയം. പുലര്‍ച്ചെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ മുന്‍ ജേതാക്കളായ നോവാക് ദ്യോക്കോവിച്ചും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയും നേര്‍ക്കുനേര്‍ വരും. ലോക ഒന്നാം നമ്പറാണ് ദ്യോക്കോ. 

വനിത വിഭാഗത്തില്‍ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ ബാര്‍ട്ടിയെ ചൈനീസ് താരം വാങ് ക്വിയാങ് അട്ടിമറിക്കുകയായിരുന്നു. 6-2, 6-4നായിരുന്നു വാങ്ങിന്റെ ജയം.