ബേണ്‍(സ്വിറ്റ്സർലാന്‍റ് ): സ്വിറ്റ്സർലാന്റിലെ നാണയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജീവിച്ചിരിക്കുന്ന ആദ്യത്തെ  ആളായി ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. രാജ്യത്തിന് പലവിധമായ സേവനം നല്‍കി നിര്യാതരായവരുടെ സ്മരണയ്ക്കായാണ് സാധാരണ അവരുടെ മുഖങ്ങളോട് കൂടിയ നാണയങ്ങള്‍ പുറത്തിറക്കുക. എന്നാല്‍ അത്തരമൊരു അംഗീകാരമാണ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ റോജര്‍ ഫെഡററെ തേടിയെത്തിയിരിക്കുന്നത്. 

രാജ്യത്തിന് വേണ്ട് 20 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമാണ് ഫെഡറര്‍. 20 സ്വിസ് ഫ്രാങ്ക് (1442 രൂപ) വിലയുള്ള നാണയത്തിലാണ് ഫെഡററുടെ മുഖം മുദ്ര ചെയ്യുക. ജനുവരിയില്‍ ഫെഡറര്‍ ഫ്രാങ്ക് പുറത്തിറക്കുമെന്നാണ് വിവരം. 50 സ്വിസ് ഫ്രാങ്കിലും ഫെഡററുടെ മുഖം മുദ്രണം ചെയ്യാനുള്ള പദ്ധതിയിലാണ് സ്വിറ്റ്സർലാന്റിലെ ഭരണകൂടമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

വെള്ളിനിറത്തിലായിരിക്കും ഈ നാണയമുണ്ടാവുക. 55000 നാണയങ്ങളാണ് ഫെഡറര്‍ സീരീസില്‍ ഇറക്കുകയെന്നാണ് സ്വിസ് മിന്‍റ് വിശദമാക്കുന്നത്. ഡിസംബര്‍ 19 മുതല്‍ ഈ നാണയങ്ങള്‍ക്ക് വേണ്ടിയുള്ള പ്രീ ബുക്കിങും ആരംഭിക്കും. 
അതുല്യമായ ഈ അംഗീകാരത്തിനും ആദരവിനും സ്വിറ്റ്സർലാന്റിനോടും സ്വിസ് മിന്‍റിനോടും നന്ദിയുണ്ടെന്നാണ് താരത്തിന്‍റെ പ്രതികരണം.