701 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫെഡറര്‍ പുല്‍കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്നത്. ഈ മാസം ആരംഭിക്കുന്ന വിംബിള്‍ഡണ്‍ കിരീടം തന്നെയായിരിക്കും ഫെഡറര്‍ ലക്ഷ്യമിടുന്നത്. 

ഹാലെ: പുല്‍കോര്‍ട്ടിലേക്കുളള തിരിച്ചുവരവ് ആഘോഷമാക്കി റോജര്‍ ഫെഡറര്‍. ഹാലെ ഓപ്പണില്‍ ബലറാസിന്റെ ഇലിയ ഇവാഷ്‌കയ്‌ക്കെതിരെ ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയിക്കുകയായിരുന്നു. 701 ദിവസങ്ങള്‍ക്ക് ശേഷമാണ് ഫെഡറര്‍ പുല്‍കോര്‍ട്ടില്‍ കളിക്കാനിറങ്ങുന്നത്. ഈ മാസം ആരംഭിക്കുന്ന വിംബിള്‍ഡണ്‍ കിരീടം തന്നെയായിരിക്കും ഫെഡറര്‍ ലക്ഷ്യമിടുന്നത്.

ഇവാഷ്‌കയ്‌ക്കെതിരെ 6-7, 5-7നാണ് സ്വിസ് ഇതിഹാസം ജയിക്കുന്നത്. ആദ്യ സെറ്റില്‍ അല്‍പം വിയര്‍ത്തെങ്കിലും ടൈബ്രേക്കില്‍ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ഫെഡറര്‍ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല. ഇവാഷ്‌കയുടെ അവസാന ഗെയിം ബ്രേക്ക് ചെയ്ത് ഫെഡറര്‍ സെറ്റ് സ്വന്തമാക്കി. ഹാലെയില്‍ പത്ത് തവണ കിരീടം നേടിയിട്ടുള്ള താരമാണ് ഫെഡറര്‍.

ഫെഡറര്‍ക്ക് പുമമെ ബെല്‍ജിയന്‍ താരം ഡേവിഡ് ഗോഫിന്‍, സ്പാനിഷ് താരം ബൗട്ടിസ്റ്റ് അഗട്ട്, റഷ്യയുടെ ഡാനില്‍ മെദ്‌വദേവ്, ആന്ദ്രേ റുബ്‌ലേവ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവരെല്ലാം ടൂര്‍ണമെന്റിന്റെ ഭാഗമാണ്.