Asianet News MalayalamAsianet News Malayalam

ഗുസ്തി താരത്തിന്‍റെ കൊലപാതകം സുശീലിന്‍റെ പൊലീസ് കസ്റ്റഡി നീട്ടി

സുശീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലിസ് കസ്റ്റ‍ഡി നീട്ടിയതിനൊപ്പം എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു.

Sagar Rana murder case: Delhi court extends Sushil Kumar custody by 4 days
Author
Delhi, First Published May 29, 2021, 5:43 PM IST

ദില്ലി: യുവ ഗുസ്തി താരം സാഗര്‍ റാണയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്‍റെയും സഹായി അജയ്‌യുടെയും പൊലീസ് കസ്റ്റഡി ദില്ലി രോഹിണി കോടതി നാലു ദിവസം കൂടി നീട്ടി. ആദ്യം ആറ് ദിവസത്തെ പൊലീസ് കസ്റ്റ‍ഡിയില്‍ വിട്ട സുശീലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ദില്ലി ക്രൈം ബ്രാഞ്ചിന്‍റെ ആവശ്യം പരിഗണിച്ചാണ് കോടി നാലു ദിവസം കൂടി കസ്റ്റഡി നീട്ടിയത്.

സുശീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലിസ് കസ്റ്റ‍ഡി നീട്ടിയതിനൊപ്പം എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും കോടതി ഉത്തരവിട്ടു. പോലീസ് കസ്റ്റഡ‍ിക്കിടെ അഭിഭാഷകനെ കാണാനും സുശീലിന് കോടതി അനുമതി നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഏഴ് ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ദില്ലി പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസിന് നാലു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

Also Read: ഐപിഎല്ലില്‍ ആരുടെ കീഴില്‍ കളിക്കാനാണ് താല്‍പര്യം? രസകരമായ ചോദ്യത്തിന് മറുപടി നല്‍കി മൈക്കല്‍ വോണ്‍

സാഗര്‍ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി ദില്ലി ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗുസ്തി താരമായ ബിന്ദര്‍ എന്ന വിജേന്ദറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിന് ഛത്രസാല്‍ സ്റ്റേ‍ഡിയത്തില്‍വെച്ച് സുശീലിനൊപ്പം സാഗറിനെ മര്‍ദ്ദിച്ചവരില്‍ ഒരാളാണ് വിജേന്ദറെന്ന് പൊലിസ് പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.

സുശീല്‍ കുമാറും സംഘവും സാഗര്‍ റാണയെ മര്‍ദ്ദിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശീല്‍കുമാറിന്‍റെ കൂട്ടുകാരനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇവര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.

സാഗര്‍ റാണ നിലത്തുവീണു കിടക്കുന്നതും വടിയുമായി സുശീല്‍കുമാറും സംഘവും ചുറ്റും നില്‍ക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഈ മാസം നാലിന് വാടക വീടൊഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സാഗര്‍ റാണക്കും സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും സുശീല്‍കുമാറിന്‍റെയും സംഘത്തിന്റെയും മര്‍ദ്ദനമേല്‍ക്കുന്നത്.

Also Read: മാപ്പ് പറയില്ല, വിലക്കിയാല്‍ നിയമ യുദ്ധത്തിന്; സൂപ്പർ ലീഗില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാഴ്‌സ

പരിക്കേറ്റ സാഗര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരിച്ചു. ഇതിന് ശേഷം ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവില്‍ പഞ്ചാബില്‍ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2008 ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയ സുശീല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണവും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണവും നേടിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios