സോള്‍: ലോക ചാമ്പ്യന്‍ പി വി സിന്ധുവിന് പിന്നാലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളും കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ദക്ഷിണ കൊറിയയുടെ കിം ഗാ ഉന്നിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയ സൈന പക്ഷെ രണ്ടാം ഗെയിം  18-21ന് കൈവിട്ടു.

മൂന്നാം ഗെയിമില്‍ 1-8ന് പിന്നില്‍ നില്‍ക്കെ പരിക്കിനെത്തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനാവാതെ സൈന പിന്‍മാറുകയായിരുന്നു. നേരത്തെ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സായ് പ്രണീതും മത്സരം പൂര്‍ത്തിയാക്കാതെ പിന്‍മാറിയിരുന്നു.

നേരത്തെ ലോക ചാമ്പ്യന്‍ പി വി സിന്ധുവും ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി പുറത്തായിരുന്നു. ആദ്യ റൗണ്ടില്‍ അമേരിക്കയുടെ ബൈവന്‍ സാംഗിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി.   സ്കോര്‍ 21-7, 22-24, 15-21.

ആദ്യഗെയിം 21-7ന്  സ്വന്തമാക്കിയ സിന്ധു അനായാസ ജയം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടും മൂന്നൂം ഗെയിമുകളില്‍ സാംഗ് കടുത്ത പോരാട്ടം പുറത്തെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയിം 22-24ന് സ്വന്തമാക്കി സാംഗ് തിരിച്ചടിച്ചു. മൂന്നാം ഗെയിമില്‍ കാര്യമായ പോരാട്ടമില്ലാതെതന്നെ സിന്ധു കൈിവിട്ടു.

ഡെന്‍മാര്‍ക്കിന്റെ ആന്‍ഡേഴ്സ് അന്റോണ്‍സെനെതിരെ ആദ്യ ഗെയിം 9-21ന്  നഷ്ടമാക്കിയ സായ് പ്രണീത് രണ്ടാം ഗെയിമില്‍ 7-11ന് പിന്നില്‍ നില്‍ക്കെ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.