ബാങ്കോക്ക്: തായ്‌ലന്‍ഡ് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പ്രതീക്ഷകളായ സൈന നെഹ്‌വാളും എച്ച് എസ് പ്രണോയിയും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന സമീര്‍ വര്‍മ, കെ ശ്രീകാന്ത് എന്നിവരും ആദ്യ റൗണ്ടില്‍ പുറത്തായതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹോജ്‌മാര്‍ക്ക് ജെയ്ര്‍ഫെല്‍റ്റിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍ 13-21, 21-17, 15-21. ഇതാദ്യമായാണ് ഡെന്‍മാര്‍ക്ക് താരത്തോട് സൈന തോല്‍ക്കുന്നത്. മുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോഴും സൈനക്കായിരുന്നു വിജയം.

പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മ മലേഷ്യയുടെ ലീ സി ജിയായോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍വിയറിഞ്ഞു. സ്കോര്‍ 16-21, 15-21. കെ ശ്രീകാന്ത് ഇന്തോനേഷ്യയുടെ ഷെസാര്‍ ഹൈറന്‍ റുസ്താവിറ്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റു. സ്കോര്‍ 21-12, 14-21, 12-21. സീസണില്‍ ഇത് മൂന്നാമത്തെ ടൂര്‍ണമെന്റിലാണ് ശ്രീകാന്ത് ആദ്യ റൗണ്ടില്‍ പുറത്താവുന്നത്. എച്ച് എസ് പ്രണോയ് മലേഷ്യയുടെ ല്യൂ ഡാരനോട് ഒന്നിനെതിരെ രണ്ട് ഗെമിയുകള്‍ക്ക് തോറ്റു. സ്കോര്‍ 17-21, 22-20, 19-21.