റിയാദ്: വേഗതയിൽ കാറ്റിനെ തോൽപിച്ച് ഫോർമുല ഇ കാറോട്ട മത്സരം. റിയാദിൽ സമാപിച്ച രാജ്യാന്തര ഇലക്ട്രോണിക് കാറോട്ട മത്സരത്തിൽ ബ്രിട്ടന്‍റെ സാം ബേർഡും ബി എം ഡബ്ല്യൂവിന്‍റെ അലക്സാണ്ടർ സിംസും ചാമ്പ്യന്മാർ. വെള്ളിയാഴ്ചയിലെ ആദ്യ മത്സരത്തിന്‍റെ ഫൈനലിൽ അഞ്ചാമതായി തുടങ്ങി മറ്റ് നാലുപേരെയും മറികടന്ന് റെക്കോർഡ് വേഗത്തിൽ സാം മത്സരം പൂർത്തിയാക്കിയപ്പോൾ ശനിയാഴ്ചയിലെ മത്സരത്തിൽ തന്‍റെ തന്നെ ജോഡിയായ മാക്സിമിലിയൻ ഗന്തറിന്‍റെയും, ഓഡിയുടെ ലൂക്ക ഡി ഗ്രാസിന്‍റെയും വെല്ലുവിളികളെ മറികടന്നാണ് സിംസ് കപ്പിൽ മുത്തമിട്ടത്.

ആഗോളതാപനം ചെറുക്കുക എന്ന മുദ്രാവാക്യവുമായി ലോക മോട്ടോർ ഫെഡറേഷൻ, അന്തരീക്ഷം മലിനപ്പെടുത്താത്ത ഇലക്ട്രോണിക് കാറുകൾ ഉപയോഗിച്ച് നടത്തുന്ന മത്സരമാണ് ഫോർമുല ഇ പ്രിക്സ്. റിയാദിൽ ഇത് രണ്ടാം തവണയാണ് മത്സരം നടക്കുന്നത്. റിയാദ് നഗരത്തിന്‍റെ വടക്ക് ഭാഗത്തെ, യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള ദിരിയ പുരാതന നഗരമാണ് മത്സരത്തിന് ട്രാക്കൊരുക്കുന്നത്. 24 കാറുകളിൽ 12 ജോഡികളാണ് മത്സരിക്കാനെത്തിയത്. എല്ലാം ലോകകാറോട്ട താരങ്ങളാണ്.

മരുഭൂമിയിലെ കാറ്റിനോടും കൂടി അവരുടെ യന്ത്രവേഗത്തിന് മത്സരിക്കേണ്ടതുണ്ടായിരുന്നു. ചിലി, മെക്സികോ, ഹോങ്കോങ്, ചൈന, ഇറ്റലി, ഫ്രാൻസ്, ജർമനി, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ താരങ്ങൾ, ബി എം ഡബ്ല്യു, ഓഡി, പോർഷെ, മെഴ്സിഡൻസ് കമ്പനികളുടെ പേരിലും മത്സരിച്ചു. കഴിഞ്ഞ വർഷമാണ് സൗദി അറേബ്യയിൽ ലോക മോട്ടോർ ഫെഡറേഷൻ ആദ്യമായി ഫോർമുല ഇ കാറോട്ട മത്സരവുമായി എത്തിയത്.

ദിരിയയിലെ ഇതേ ട്രാക്കുകളിലായിരുന്നു മത്സരം. അന്നും 12 ലോക കാറോട്ട താരങ്ങൾ എത്തി. പതിവുപോലെ കാറോട്ട ആവേശത്തിന് ഹരം പകരാൻ ലോക സംഗീതലോകത്തെ പ്രതിഭകൾ പെങ്കടുത്ത വിപുലമായ സംഗീത പരിപാടികളുമുണ്ടായിരുന്നു. കാറോട്ട മത്സരം കഴിഞ്ഞെങ്കിലും ഡിസംബർ 14 വരെ പാശ്ചാത്യ സംഗീത സംഘത്തിന്‍റെ പരിപാടികൾ തുടരും. ഡിസംബർ ഏഴിന് ബോക്സിങ് മത്സരവും ഇതോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. കൂടാതെ ടെന്നീസ് കപ്പ്, കുതിരയോട്ടം തുടങ്ങിയ ടൂർണമെൻറുകളും വിവിധ കലാപരിപാടികളും തുടർന്നുള്ള ദിവസങ്ങളിലുണ്ട്. കാറോട്ട മത്സരവും അനുബന്ധ പരിപാടികളും വീക്ഷിക്കാൻ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നുള്ള വിനോസഞ്ചാരികൾക്കും സന്ദർശകർക്കും ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ഇത്തവണയും സൗദി അനുവദിച്ചിരുന്നു.