Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ സാനിയ മിര്‍സയ്ക്ക് വിജയത്തുടക്കം

വനിതാ ഡബിള്‍സിന്റെ ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്.  രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി.

Sania Mirza got winning start in Australian Open women's doubles
Author
First Published Jan 19, 2023, 1:59 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ- അന്ന ഡനിലിന സഖ്യം രണ്ടാം റൗണ്ടില്‍. ഹംഗറിയുടെ ഡല്‍മ ഗൈഫി- ബെര്‍ണാര്‍ഡ് പെര (അമേരിക്ക) കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് ഇന്തോ- കസാഖ് സഖ്യം  രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-2, 7-5. അതേസമയം പുരുഷ ഡബിള്‍സ് ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍- റെരേയ് വരേല (മെക്‌സിക്കോ) സഖ്യം പുറത്തായി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസ്- പെട്രോസ് സിറ്റ്‌സിപാസ് സഖ്യമാണ് രാമനാഥന്‍- വരേല സഖ്യത്തെ തോല്‍പ്പിച്ചത്. ഇന്ത്യന്‍ ജോഡി യുകി ഭാംബ്രി- സാകേത് മൈനേനി സഖ്യത്തിലും ആദ്യ റൗണ്ട് കടക്കാനായില്ല. ആന്ദ്രിയാന്‍ മീസ് (ജര്‍മനി)- ജോണ്‍ പീര്‍സ് (ഓസ്‌ട്രേലിയ) സഖ്യത്തോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

വനിതാ ഡബിള്‍സിന്റെ ആദ്യ സെറ്റില്‍ സാനിയ സഖ്യം ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്.  രണ്ടാം സെറ്റിന്റെ തുടക്കത്തിലും ടീം ആധിപത്യം തുടര്‍ന്നു. എന്നാല്‍ ഒരു സെര്‍വ് ബ്രേക്ക് ചെയ്ത എതിര്‍സഖ്യം 5-5ന് ഒപ്പമെത്തി. വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിയ സാനിയ- അന്ന ടീം സ്വന്തം സെര്‍വ് ലക്ഷ്യത്തിലെത്തിക്കുകയും ഒരു സെര്‍വ് ഭേദിക്കുകയും ചെയ്ത് മത്സരം സ്വന്തമാക്കി. മിക്‌സ്ഡ് ഡബിള്‍സിലും സാനിയ കളിക്കുന്നുണ്ട്. രോഹന്‍ ബൊപ്പണ്ണയാണ് പങ്കാളി. കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണ് സാനിയ കളിക്കുന്നത്. ഫെബ്രുവരിയില്‍ ദുബായില്‍ നടക്കുന്ന ഡബ്ല്യുടിഎ ടൂര്‍ണമെന്റോടെ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് ഓപ്പണില്‍ കളിക്കാനിരുക്കുന്ന സാനിയക്ക് കൈമുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിന്റെ ആദ്യറൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയും സാനിയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2022 സീസണോടെ കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നായിരുന്നു സാനിയ അന്ന് പറഞ്ഞത്. ഈ തീരുമാനം പിന്‍വലിച്ചാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ സാനിയ തീരുമാനിച്ചത്.

എതിര്‍വശത്ത് വെയ്ല്‍സ്; ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തിന്

Follow Us:
Download App:
  • android
  • ios