ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും പാക് ക്രിക്കറ്റ് താരം  ഷൊയൈബ് മാലിക്കുമായുള്ള ദാമ്പത്യ ജീവിതം എല്ലായ്പ്പോഴും ആരാധകര്‍ക്ക് കൗതുകമുള്ള സംഗതിയാണ്. 2010ലാണ് സാനിയയും ഷൊയൈബും വിവാഹിതരായത്.  2018ല്‍ ഇരുവര്‍ക്കും ഇഷാന്‍ എന്ന മകന്‍ പിറന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുമ്പോഴൊക്കെ ഇരുവരുടെയും നിലപാടുകള്‍ എല്ലായ്പ്പോഴും ആരാധകര്‍ ആകാംക്ഷയോടെ നിരീക്ഷിക്കാറുമുണ്ട്. എന്നാല്‍ മാലിക്കുമായുള്ള ദാമ്പത്യ ജീവിതത്തിലെ തമാശകളും രസങ്ങളും തുറന്നുപറയുകയാണിപ്പോള്‍ സാനിയ. സ്പോര്‍ട്സ്കീഡക്ക് നല്‍കിയ അഭിമുഖത്തിലാണ് ദാമ്പത്യജീവിതത്തെക്കുറിച്ച് സാനിയ മനസുതുറന്നത്.

വിവാഹത്തിന് മുമ്പ് ഡേറ്റിംഗിലായിരിക്കുമ്പോഴെ ഞാന്‍ ഒരു കാര്യം മാലിക്കിനോട് തുറന്നു പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും എക്കാലത്തും എന്റെ പിന്തുണ ഇന്ത്യക്കായിരിക്കുമെന്ന്. കാരണം, പലകാരണങ്ങള്‍ കൊണ്ടും കളിക്കളത്തില്‍ ഇന്ത്യക്കെതിരെ ഇറങ്ങുന്നത് ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മാലിക്ക്. ഇന്ത്യക്കെതിരെ അദ്ദേഹത്തിന് മികച്ച റെക്കോര്‍ഡുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഞാന്‍ ഡേറ്റിംഗിലായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തോട് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഞാനിക്കാര്യം പറയുമ്പോഴൊക്കെ അദ്ദേഹം പറയുക, ഇന്ത്യക്കെതിരായ എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള എന്റെ മറുപടി എന്നാണ്. രാജ്യാന്തര ക്രിക്കറ്റില്‍ ദീര്‍ഘമായ കരിയറുളള താരമാണ് മാലിക്ക്. അദ്ദേഹത്തെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമെയുള്ളു.

കൊവിഡ് കാലത്ത് നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ മാലിക്കിന്റെ സംസാരം കണ്ട് തങ്ങളെക്കുറിച്ച് ആരാധകര്‍ക്കുള്ള പൊതുധാരണ മാറിയെന്നും സാനിയ പറഞ്ഞു. ഞങ്ങള്‍ തമ്മിലുള്ള ബന്ധം രസകരമാണ്. ഞങ്ങള്‍ കാര്യങ്ങള്‍ വളരെ ലളിതമായി പറയാന്‍ ആഗ്രഹിക്കുന്നവരാണ്. അന്നത്തെ ഇന്‍സ്റ്റഗ്രാം ചാറ്റോടെ എന്നെക്കാള്‍ കൂടുതല്‍ സംസാരിക്കുന്ന ആളാണ് മാലിക്കെന്ന് ആളുകള്‍ക്ക്  മനസിലായി-സാനിയ പറഞ്ഞു.