Asianet News MalayalamAsianet News Malayalam

Sania Mirza: ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സാനിയാ മിര്‍സ

ടെന്നീസ് ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഈ സീസണ്‍ കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്. കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു.

Sania Mirza To Retire After This Season
Author
Melbourne VIC, First Published Jan 19, 2022, 3:38 PM IST

മെല്‍ബണ്‍: പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ(Sania Mirza). ഓസ്ട്രേലിയന്‍ ഓപ്പണ്‍(Australian Open) ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് സീസണൊടുവില്‍ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചത്. മൂന്ന് വയസുകാരന്‍ മകനെയും കൊണ്ട് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു.

കാല്‍മുട്ടിലെ പരിക്ക് ശരിക്കും അലട്ടുന്നുണ്ട്. പ്രായാമായി വരികയാണ്. ശരീരത്തിന് അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ട്. മൂന്ന് വയസുള്ള മകനെയും കൊണ്ടുള്ള നിരന്ത്ര യാത്രകളും ബുദ്ധിമുട്ടായി വരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സീസണൊടുവില്‍ വിരമിക്കുകയാണ്. അതിലപ്പുറം പോകാന്‍ വളരെയേറെ ബുദ്ധിമുട്ടാണ്. ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നു.

ടെന്നീസ് ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഈ സീസണ്‍ കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്. കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു. ശരീരഭാരം കുറച്ചു, ശാരീരികക്ഷമത വീണ്ടെടുത്തു, സ്വപ്നങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന മറ്റ് അമ്മമാര്‍ക്ക് മാതൃകയായി. എന്നാല്‍ ഈ സീസണുശേഷം കോര്‍ട്ടില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് കരുതുന്നില്ല-സാനിയ പറഞ്ഞു.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ യുക്രൈന്‍ താരം നാദില കിച്ച്നോക്കിനൊപ്പം മത്സരിച്ച സാനിയ ആദ്യ റൗണ്ടില്‍ സ്ലോവേനിയന്‍ സഖ്യമായ കാജാ യുവാന്‍-ടമാറ സിദാന്‍സെക് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളില്‍(6-4, 7-6) അടിയറവ് പറഞ്ഞിരുന്നു. ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സാനിയ ആറ് ഗാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

വനിതാ ഡബിള്‍സില്‍ മൂന്നും മിക്സഡ് ഡബിള്‍സില്‍ മൂന്നും ഉള്‍പ്പെടെയാണ് സാണിയയുടെ ആറ് ഗ്രാന്‍സ്ലാം നേട്ടങ്ങള്‍. വനിതാ ഡബിള്‍സില്‍ 2016ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, 2015ലെ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ സാനിയ മിക്സഡ് ഡബിള്‍സില്‍ 2009ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, 2012ലെ ഫ്രഞ്ച് ഓപ്പണ്‍, 2014ലെ യുഎസ് ഓപ്പണ്‍ കിരീടങ്ങളും നേടി.

Follow Us:
Download App:
  • android
  • ios