ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗത്തിലെ കിരീടം സിമോണ ഹാലെപ്പിന് സ്വന്തം. റുമേനിയന്‍ താരത്തിന്‍റെ മാസ്മരിക പ്രകടനത്തിന് മുന്നില്‍ സെറീന വില്യംസ് നിഷ്പ്രഭമായി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഹാലെപ്പിന്‍റെ വിജയം. സ്കോര്‍: 6-2, 6-2.

ഹാലെപ്പിന്‍റെ ആദ്യ വിംബിൾ‍ഡൺ വിജയവും രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവും ആണിത്. ചാമ്പ്യന്‍ഷിപ്പില്‍ ഹാലെപ്പ് ഏഴാം സീഡും സെറീന പതിനൊന്നാം സീഡുമായിരുന്നു. അതേസമയം 24 ഗ്രാന്‍സ്ലാം കിരീടമെന്ന കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനുള്ള സെറീനയുടെ കാത്തിരിപ്പ് നീളുകയാണ്.

2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിൽ കിരീടം നേടിയ ശേഷം തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍സ്ലാം ഫൈനലിലാണ് സെറീന തോൽക്കുന്നത്. പുരുഷ ഫൈനലില്‍ നാളെ ജോക്കോവിച്ച്- ഫെഡററെ നേരിടും.