സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറിലെത്തി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോചുവോംഗിനെ  21-16, 18-21, 21-19 എന്ന സ്കോറിനാണ് സൈന മറികടന്നത്. ആദ്യ ഗെയിം ആധികാരികമായി സ്വന്തമാക്കിയ സൈനയ്ക്കെതിരെ രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടം പുറത്തെടുത്ത ചോചുവോംഗ് ഗെയിം സ്വന്തമാക്കി പോരാട്ടം മൂന്നാം ഗെയിമിലേക്ക് നീട്ടി.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മൂന്നാം ഗെയിമില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടാതെ പൊരുതിയ സൈന ഗെയിമും മത്സരവും സ്വന്തമാക്കി. അവസാന ഗെയിമില്‍ 19-17ന് മുന്നിട്ട് നിന്ന സൈനക്കെതിരെ ചോചുവോംഗ് 19-19 ന് ഒപ്പമെത്തിയെങ്കിലും സൈന വിജയം കൈവിട്ടില്ല. മലേഷ്യന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ചോചുവോംഗിനോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി സൈനയുടെ വിജയം. രണ്ടാം സീഡും മുന്‍ ലോക ചാമ്പ്യനുമായ നൊസോമി ഒകാഹുറയാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.

അതേസമയം, സൈനയുടെ ഭര്‍ത്താവും പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായ പി കശ്യപ് ഒളിംപിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനോട് തോറ്റ് പുറത്തായി. സ്കോര്‍ 21-9, 21-16. പുരുഷ വിഭാഗത്തിലെ മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ലു ഗുവാങ്സുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സമീര്‍ വര്‍മ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 21-15, 21-18.