മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ കിരീടം അമേരിക്കന്‍ താരം സോഫിയ കെനിന്. മുന്‍ ലോക ഒന്നാം നമ്പര്‍ ഗര്‍ബൈന്‍ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ടൂര്‍ണമെന്റിലെ 14ാം സീഡായിരുന്ന കെനിന്‍ കിരീടമുയര്‍ത്തിയത്. സ്‌കോര്‍ 4-6, 6-2, 6-2. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ഓപ്പണിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചതായിരുന്നു ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ കെനിന്റെ മികച്ച നേട്ടം.

2016ല്‍ ഫ്രഞ്ച് ഓപ്പണിലും തൊട്ടടുത്ത വര്‍ഷം വിംബിള്‍ഡണിലും കിരീടം നേടിയ മുഗുരുസ ആദ്യസെറ്റ് അനായാസം സ്വന്തമാക്കി. സ്പാനിഷ് താരം അനയാസം മത്സരം സ്വന്തമാക്കുമെന്ന തോന്നലുണ്ടാക്കുമ്പോഴാണ് കെനിന്റെ തിരിച്ചുവരവ്. വെറും രണ്ട് ഗെയിമുകള്‍ മാത്രം വിട്ടുകൊടുത്ത് താരം സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിന്റെ കാര്‍ബണ്‍ കോപ്പിയായിരുന്നു മൂന്നാം സെറ്റും. മുഗുരുസയ്ക്ക് പൊരുതാന്‍ പോലും സാധിച്ചില്ല.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ അഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് കെനിന്‍ ഫൈനലില്‍ കടന്നിരുന്നത്. മുഗുരുസ സെമിയില്‍ സിമോണ ഹാലെപ്പിനെയാണ് മറികടന്ന്. നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ നിലവിലെ ചാംപ്യന്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നേരിടും.