കോഴിക്കോട്: മൂന്നാമത് സംസ്ഥാന ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് പുരുഷ-വനിതാ വിഭാഗത്തിൽ കോഴിക്കോട് ഒന്നാംസ്ഥാനത്ത്. പുരുഷ വിഭാ​ഗത്തിൽ വയനാടിനെ 2-1ന് പരാജയപ്പെടുത്തിയാണ് കോഴിക്കോട് ചാമ്പ്യന്മാരായത്. ഒന്നിനെതിരെ രണ്ട് സെറ്റുകൾ നേടിക്കൊണ്ടാണ് വനിതാ വിഭാഗത്തിൽ എറണാകുളത്തെ പിന്നിലാക്കി കോഴിക്കോട് ഒന്നാംസ്ഥാനം നേടിയത്.

പുരുഷ വിഭാഗത്തിലെ മികച്ച കളിക്കാരനായി കോഴിക്കോടിന്റെ താരം മുഹമ്മദ് ബാസിതിനെയും വനിതാ വിഭാഗത്തിൽ മികച്ച താരമായി കോഴിക്കോടിൽനിന്നുള്ള ആര്യയെയും തെരഞ്ഞെടുത്തു. മത്സരത്തിന്റെ സമാപനച്ചടങ്ങിൽ കോഴിക്കോട് ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡണ്ട് ടി പി അബ്ദുൽ ഷഫീഖ് വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

കേരള സ്പോർട്സ് കൗൺസിൽ മെമ്പർ വി കെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ദേശീയ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി ജനറൽ എകെ മുഹമ്മദ് അഷ്റഫ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി എം അബ്ദുറഹ്മാൻ, ഫൂട്ട് വോളി അസോസിയേഷൻ കോഴിക്കോട് ജില്ലാ ട്രഷറർ അമൽ, സേതു മാധവൻ എന്നിവർ സംസാരിച്ചു. അഡ്വ. ഷമീർ കുന്ദമംഗലം സ്വാഗതവും എ എസ് ഹിഷാം അബ്ദുള്ള നന്ദിയും പറഞ്ഞു.