പാലാ: സംസ്ഥാന ജൂനിയർ അത്‍ലറ്റിക് മീറ്റ് നിർത്തി വച്ചു. ഇന്നലെ മത്സരങ്ങൾക്കിടെ വോളന്‍റിയറായ കുട്ടിയുടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് മീറ്റ് നിർത്തി വയ്ക്കാൻ തീരുമാനിച്ചത്. പരിക്കേറ്റ അഫീൽ ജോൺസണിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയ അഫീൽ ജോൺസൻ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. ഇതിനിടെ അത്‍ലറ്റിക് ഫെഡറേഷൻ ഭാരവാഹികൾക്ക് എതിരെ പൊലീസ് കേസെടുത്തു. ചാമ്പ്യൻഷിപ്പ് അശ്രദ്ധമായി കൈകാര്യം ചെയ്തതിനാണ് കേസ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുകയായിരുന്നു. ഈ സമയം ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീഴുകയായിരുന്നു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടി തകർന്നു. ഉടൻ തന്നെ അഫീലിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാല സെന്‍റ് തോമസ് ഹയർസെക്കൻ‍റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഫീൽ.

സംഘാടകരുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം. ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ ഒരേസമയമാണ് നടത്തിയത്. ഗ്രൗണ്ടിന്‍റെ രണ്ട് ഭാഗത്ത് നടത്തിയ മത്സരങ്ങൾക്ക് പക്ഷേ ഉണ്ടായിരുന്നത് ഒരു ഫിനിഷിംഗ് പോയിന്‍റ്. എന്നാൽ സംഘാടകർ ആരോപണം നിഷേധിച്ചു.

ജൂനിയർ അത്‍ലറ്റിക് മീറ്റ് നിയന്ത്രിക്കാൻ ആവശ്യത്തിന് കായികാധ്യാപകരില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. മീറ്റിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും ആരോപണമുണ്ട്.