കണ്ണൂര്‍: സ്വന്തം നാട്ടിൽ നടക്കുന്ന കായികമേളയിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമത്തിലാണ് പയ്യന്നൂരുകാരി പി അഭിഷ. കാൽമുട്ടിനേറ്റ പരിക്കാണ് മാർ ബേസിൽ സ്‌കൂളിലെ പത്താം ക്ലാസുകാരിക്ക് തിരിച്ചടിയായത്. 2017ലെ പാലാ കായികമേളയിൽ ട്രിപ്പിൾ സ്വർണം നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു അഭിഷ.

സബ് ജൂനിയർ 200, 400, 600 മീറ്ററുകളിലാണ് പാലായില്‍ അഭിഷ സ്വര്‍ണം കുറിച്ചത്. കഴിഞ്ഞ വർഷം റവന്യൂ മീറ്റ് ഹർഡിൽസിനിടെ കാൽമുട്ടിൽ പരിക്കേറ്റു. സംസ്ഥാന മീറ്റ് നഷ്ടമായി. ഇത്തവണ സബ് ജില്ലയിൽ മൂന്ന് സ്വർണം നേടി തിരിച്ചുവരവിന്റെ ട്രാക്കിലായിരുന്ന. എന്നാൽ റവന്യൂ മേളക്കായി തയ്യാറെടുക്കുന്നതിനിടെ മുമ്പ് പരിക്കേറ്റ അതേ കാൽമുട്ടിൽ വീണ്ടും പരിക്ക്. ശസ്‌ത്രക്രിയക്ക് ശേഷമുള്ള വേദനയേക്കാൾ ഏറെയാണ് സ്വന്തം നാട്ടിൽ സ്വർണമെന്ന സ്വപ്‌നം പൊലിഞ്ഞതിൽ.

പിന്തുണയും ആശ്വാസവുമായി മാർ ബേസിലിലെ ഷിബി ടീച്ചറും മധു മാഷും വീട്ടിലെത്തി. പഴയ കുതിപ്പോടെ അഭിഷ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ. നാട്ടുകാരുടെ സഹായത്തോടെയാണ് നിർമ്മാണത്തൊഴിലാളിയായ അച്ഛൻ മനോഹരനും അമ്മ ഷീബയും മകളുടെ ശസ്‌ത്രക്രിയക്ക് പണം കണ്ടെത്തിയത്. സാമ്പത്തിക
പരാധീനതകൾക്കിടയിൽ നിന്ന് ട്രാക്കിൽ കുതിച്ചുയർന്ന അഭിഷ പരിക്ക് മാറി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.