ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സെറീന ഉയര്‍ത്തിയ ഏറ്റവും വലിയ മുദ്രാവാക്യവും പാഠവും ആത്മവിശ്വാസമാണ്. സ്വയം വിശ്വസിക്കാനുള്ള ഊര്‍ജമാണ്. തൊലിയുടെ നിറം കറുപ്പായതു കൊണ്ട് ഒന്നില്‍ നിന്നും പിന്നോട്ടു പോകേണ്ടതില്ലെന്നും സ്വപ്നം കാണാതിരിക്കരുതെന്നും ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ പോരാട്ടത്തിലൂടെ വിജയങ്ങളിലൂടെ സെറീന കാണിച്ചുകൊടുത്തു.
23 ഗ്രാന്‍ഡ്സ്ലാം കിരീടം. ഡബിള്‍സില്‍ 16 ഗ്രാന്‍ഡ് സ്ലാം കിരീടം. നാല് ഒളിംപിക് സ്വര്‍ണം. ലോക ഒന്നാം നന്പര്‍ സ്ഥാനത്ത് 319 ആഴ്ചകള്‍. നേട്ടങ്ങളുടെ പട്ടികയില്‍ ടെന്നീസ് ലോകത്ത് സെറീനയോളം തലപ്പൊക്കം ആര്‍ക്കുമുണ്ടാകില്ല. സെറീനയേക്കാള്‍ ഗ്രാന്‍ഡ്സ്ലാം നേടിയത് ലോകത്ത് ഒരേ ഒരാള്‍ മാത്രം. മാര്‍ഗരറ്റ് കോര്‍ട്ട്. ആദ്യ ഗ്രാന്‍ഡ് സ്ലാം നേടിയത് സ്വന്തം നാട്ടിലെ മത്സരവേദിയില്‍. 1999 യുഎസ് ഓപ്പണ്‍ കിരീടം നേടി ആധുനിക ടെന്നീസ് ലോകത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ ജേതാവാകുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍ വനിയ ആകുന്‌പോള്‍ സെറീനക്ക് പ്രായം 18. 2017ല്‍ മുപ്പത്തിയഞ്ചാംവയസ്സില്‍ തന്റെ ഇരുപത്തിമൂന്നാം കിരീടം നേടിയപ്പോള്‍ സെറീന ഗര്‍ഭിണിയായിരുന്നു. അന്നത്തെ സെറീനയുടെ വാക്കുകള്‍ കടമെടുത്ത് ചോദിച്ചാല്‍ 9 ആഴ്ച ഗര്‍ഭിണിയായിരിക്കെ ഗ്രാന്‍ഡ് സ്ലാം നേടിയ അല്ലെങ്കില്‍ എന്‍ബിഎ ഉള്‍പെടെ മറ്റേതെങ്കിലുനൊരു മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ച വേറെയാരും ഉണ്ടാവില്ല. വെറുതെയല്ല സെറീന ടെന്നീസിലെ GOAT ആകുന്നത്.
ടെന്നീസ് കോര്‍ട്ടില്‍ നിന്ന് സെറീന ഉയര്‍ത്തിയ ഏറ്റവും വലിയ മുദ്രാവാക്യവും പാഠവും ആത്മവിശ്വാസമാണ്. സ്വയം വിശ്വസിക്കാനുള്ള ഊര്‍ജമാണ്. തൊലിയുടെ നിറം കറുപ്പായതു കൊണ്ട് ഒന്നില്‍ നിന്നും പിന്നോട്ടു പോകേണ്ടതില്ലെന്നും സ്വപ്നം കാണാതിരിക്കരുതെന്നും ഒപ്പമുള്ള പെണ്‍കുട്ടികള്‍ക്ക് സ്വന്തം ജീവിതത്തിലൂടെ പോരാട്ടത്തിലൂടെ വിജയങ്ങളിലൂടെ സെറീന കാണിച്ചുകൊടുത്തു. പോരാട്ടത്തിന്റെയും മത്സരവീര്യത്തിന്റേയും എക്കാലത്തേയും ഉദാത്ത മാതൃകയാണ് സെറീന. വീടിനടുത്തെ പൊതുകോര്‍ട്ടില്‍ അച്ഛന്റേയും ചേച്ചിയുടേയും കൈ പിടിച്ചെത്തിയിരുന്ന പരിശീലനകാലത്ത് തുടങ്ങിയ പോരാട്ടമാണത്. കറുത്ത വര്‍ഗക്കാര്‍ ടെന്നീസിന്റെ പ്രൗഢവും അന്തസ്സുറ്റതുമായ കോര്‍ട്ടിലെത്തുന്നതിലുള്ള പരിഹാസവും വിമര്‍ശനവും പുച്ഛവുമായിരുന്നു ആദ്യം എതിരാളി.

പിന്നീടിങ്ങോട്ട് മാമൂലുകളും മുന്‍ധാരണകളുമായി എതിരാളികള്‍. കോര്‍ട്ടില്‍ തന്റെ സെര്‍വ് നേരിടാന്‍ നില്‍ക്കുന്ന സമകാലികരെ നേരിടുന്നതിനേക്കാള്‍ ഉഷാറായി സെറീന ഈ എതിരാളികളോട് പോരാടി. നാല്‍പതാം വയസ്സില്‍ വിട വാങ്ങല്‍ വേദിയായ ഫ്‌ലെഷിങ് മെഡോസിലെ വേദിയും സെറീനയുടെ മത്സരവീര്യം കണ്ടു. അഞ്ച് മാച്ച് പോയിന്റുകള്‍ സേവ് ചെയ്ത് , എതിരാളിയെ വെള്ളം കുടിപ്പിച്ച് മാത്രമാണ് സെറീന പരാജയപ്പെട്ടത്.മൂന്ന് സെറ്റ് നീണ്ട മൂന്നാം റൗണ്ട് മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ അയ്ല ടോമിയാനോവിച്ച് ജയിച്ചത് 7ഫ5 , 6ഫ7, 6ഫ1 എന്ന സ്‌കോറിന്. നാല്‍പതാം വയസ്സിലും തന്റെ ടെന്നീസ് മികവിന് ഇടിവൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിച്ചാണ് സെറീന കോര്‍ട്ടില്‍ നിന്ന് മടങ്ങിയത്.
ടെന്നീസ് റാക്കറ്റ് കൈയില്‍ പിടിപ്പിച്ച അച്ഛനും നിഴല്‍ പോലെ കൂടെ നിന്ന അമ്മക്കും മുന്‌പേ നടന്ന് വഴിയൊരുക്കുകയും കൈ പിടിക്കുകയും ചെയ്ത സഹോദരിക്കും പിന്നെ എപ്പോഴും എല്ലായ്‌പ്പോഴും കൂടെ നിന്നവര്‍ക്കും പ്രോത്സാഹിപ്പിച്ചവര്‍ക്കും ആരാധകര്‍ക്കും എല്ലാം നന്ദിയും പറഞ്ഞ് സെറീന കോര്‍ട്ടില്‍ നിന്ന് മടങ്ങി. ഏഴ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് ഫ്രഞ്ച് ഓപ്പണ്‍, ഏഴ് വിംബിള്‍ഡണ്‍, ആറ് യുഎസ് ഓപ്പണ്‍. ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടങ്ങളുടെ പട്ടികത്തുടര്‍ച്ചയില്‍ സെറീന സ്ലാം എന്നൊരു പുതു നിര്‍വചനം തന്നെ തീര്‍ത്ത സെറീന യുഎസ് ഓപ്പണ്‍ വേദിയില്‍ നിന്നും പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും സ്വയം തിരിച്ചറിയാനും നവീകരിക്കാനുമുള്ള ഇടവേളയിലേക്ക് നടക്കുന്‌പോള്‍ പിന്നണിയില്‍ ഒരു പാട്ടുണ്ടായിരുന്നു. ടീന ടര്‍ണറുടെ simply the best. എക്കാലത്തേയും ക്ലാസിക് ആയ പോപ് ഹിറ്റ് എത്രയും അന്വര്‍ത്ഥമായി മുഴങ്ങിയ വേദി വേറെയുണ്ടാകില്ല.

ടെന്നീസ് കോര്‍ട്ടിന്റെ വെളുത്ത പക്ഷപാതിത്വത്തിനോട് പൊരുതിത്തുടങ്ങിയതാണ് സെറീനയുടെ പോരാട്ട ശീലം. മത്സരവേദികളിലെ വസ്ത്രാവലിയിലും അന്പയര്‍മാരുടെ നിലപാടുകളിലും എല്ലാം സ്ത്രീതുല്യതക്ക് വേണ്ടി സെറീന ശബ്ദമുയര്‍ത്തി. പുരുഷന്‍മാരുടെ വിജയങ്ങള്‍ കൂടുതല്‍ ആഘോഷിക്കപ്പെടുന്നതിനെ വിമര്‍ശിച്ചു. ചില മത്സരങ്ങളില്‍ അവള്‍ തോറ്റിട്ടുണ്ടാകും. ചില കിരീടങ്ങള്‍ അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. പക്ഷേ മത്സരിക്കാനുള്ള വീര്യം. സ്വന്തം ശരി ചെയ്യാനുള്ള ധൈര്യം. മാമൂലുകളെ ചോദ്യം ചെയ്യാനുള്ള സ്ഥൈര്യം. ഇതിലൊന്നും സെറീന ഒരിക്കലും തല താഴ്ത്തിയില്ല. 2001ലെ ഇന്ത്യാന വെല്‍സ് ടൂര്‍ണമെന്റില്‍ കിം ക്ലൈസ്റ്റേഴ്‌സുമായുള്ള ഫൈനല്‍ മത്സരത്തിനിടെ സെറീനയെ കാണികള്‍ കൂക്കിവിളിച്ചു. പറ്റുന്ന തെറ്റുകള്‍ക്കെല്ലാം ആര്‍ത്തുവിളിച്ചു. പുറമെ വംശീയ അധിക്ഷേപവും. വീനസ് പിന്‍മാറിയതും വിഷയമായി.
ഈ അനീതിയില്‍ പ്രതിഷേധിച്ച സെറീന ഇന്ത്യാന വെല്‍സ് ടൂര്‍ണമെന്റ് ബഹിഷ്‌കരിച്ചത് 14വര്‍ഷമാണ്. കാണികളുടെ മാറിയ സമീപനവും അധികൃതരുടെ നിലപാടുകളും ബോധ്യപ്പെട്ട ശേഷം 2015ല്‍ മാത്രമാണ് സെറീന ഇന്ത്യാന വെല്‍സ് ടൂര്‍ണമെന്റ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. മടങ്ങിയെത്തിയ സെറീനയെ കാത്തിരുന്ന വന്‍കരഘോഷം അവരുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു. വംശീയ പ്രാതിനിധ്യത്തിന്റെ സൂചകങ്ങളായ വസ്ത്രധാരണ ശൈലിയെ കുറിച്ചും ഹെയര്‍ സ്‌റ്റൈലിനെ കുറിച്ചുമുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുന്നില്‍ സെറീന കുലുങ്ങിയില്ല. സ്വന്തം ഇഷ്ടപ്രകാരവും സൗകര്യപ്രകാരവും വസ്ത്രം ധരിച്ചെത്തി മത്സരിക്കാന്‍ സെറീന നടത്തിയ പോരാട്ടത്തിന്റെ ഗുണഭോക്താക്കള്‍ പിന്നീട് വന്ന താരങ്ങളാണ്. (2018ല്‍ രക്തം കട്ട പിടിക്കുന്ന പ്രത്യേകം രോഗാവസ്ഥ കാരണം കാറ്റ് സ്യൂട്ട് അണിഞ്ഞാണ് സെറീന കോര്‍ട്ടിലെത്തിയത്.

അധികൃതര്‍ അത് സമ്മതിച്ചില്ലെങ്കിലും). ടെന്നീസ് കോര്‍ട്ടില്‍ വനിതാതാരങ്ങള്‍ നേരിടുന്ന അവഗണനക്കും ഇരട്ടത്താപ്പിനും എതിരെ സെറീന ശബ്ദമുയര്‍ത്തിയതിനെ അഭിനന്ദിച്ചവരില്‍ സാക്ഷാല്‍ ബില്ലി ജീന്‍ കിങ്ങുമുണ്ട്. 2019ല്‍ അമേരിക്കയില്‍ സ്വയപ്രയത്‌നത്താല്‍ ധനികരായ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച ആദ്യ കായികതാരമായിരുന്നു സെറീന. നേട്ടങ്ങളുടെ തിളക്കം സെറീനയെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവളാക്കി. സെറീനയുടെ സംരംഭമൂലധന പദ്ധതിയുടെ 80 ശതമാനം നിക്ഷേപവും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ക്കാണ്. അതില്‍ കൂടുതലും കറുത്ത വംശജരായ സ്ത്രീകളാണ്. ജാപ്പനീസ്, ഹെയ്തിയന്‍ ദന്പതികള്‍ക്ക് ജനിച്ച നവോമി ഒസാക്കക്ക് ആയാലും ബാസ്‌കറ്റ് ബോള്‍, അത്‌ലപറ്റിക്‌സ് പശ്ചാത്തലമുള്ള അച്ഛനമ്മമാരുടെ മകളായ കോക്കോ ഗൗഫിനായും ടെന്നീസ് റാക്കറ്റ് ഏന്താന്‍ പ്രചോദനമായത് സെറീനയാണ്.

പുതിയ സ്വപ്നങ്ങളും പ്രതീക്ഷയും സ്വയം പ്രകടിപ്പിക്കലുമായി അവര്‍ ടെന്നീസ് കോര്‍ട്ടിലേക്ക് എത്തിയത് സെറീന തുറന്നിട്ട വഴിയിലൂടെയാണ്. ഇനിയും വരാനിരിക്കുന്ന പുതിയ പുതിയ താരങ്ങള്‍ക്കായി പ്രചോദനത്തിന്റെ വേറിട്ട പാത വെട്ടിത്തുറന്നാണ് സെറീനയുടെ ഏറ്റവും വലിയ നേട്ടം. ടെന്നീസിന് സെറീന നല്‍കിയ ഏറ്റവും വലിയ സംഭാവനയും അതു തന്നെ. ഈ മാസം 26ന് നാല്‍പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന സെറീനക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനവും അതാണ്, തന്നാല്‍ പ്രചോദിപ്പിക്കപ്പെട്ട് കളിക്കളത്തിലും ജീവിതത്തിലും എല്ലാം പുതിയ നേട്ടങ്ങള്‍ക്കായി സ്വപ്നം കാണുന്ന, അധ്വാനിക്കുന്ന, മുന്നിട്ടിറങ്ങുന്ന പെണ്‍കുട്ടികള്‍ മനസ്സില്‍ പറയുന്ന നന്ദി വാചകങ്ങള്‍, സ്‌നേഹം. Will you reconsider?' യുഎസ് ഓപ്പണില്‍ നിന്ന് മടങ്ങുംമുന്പ് സെറീനയോടുള്ള ചോദ്യം. ഉത്തരം ഇങ്ങനെ. 'I don't think os, but you never know.' അനിശ്ചിതാവസ്ഥയുടേതല്ല ആ മറുപടി. പ്രതീക്ഷയുടേതാണ്. വീര്യത്തിന്റേതാണ്. കോര്‍ട്ടിലും പുറത്തും വ്യക്തിത്വവും പോരാട്ടവീര്യവും ഉയര്‍ത്തിപ്പിടിച്ച പെണ്ണൊരുത്തിയുടെ ആത്മവിശ്വാസമാണ്. സല്യൂട്ട് സെറീന. യു ആര്‍ റിയലി ദ ഗ്രേറ്റസ്റ്റ്.
