ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ടോക്കിയോ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായിക താരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി പരാതി. ജപ്പാനിൽ വിമാനമിറങ്ങി ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യൻ സംഘത്തിന് 14 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് മുറികൾ അനുവദിച്ചു ലഭിച്ചത്.
ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താൽക്കാലികമായി ഹോട്ടലുകളിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ അത്ലറ്റുകൾക്ക് പുറമെ വിയറ്റ്നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടു.പല താരങ്ങളുടെയും കായിക ഉദ്യോഗസ്ഥരുടെയും മുൻകൂട്ടി ബുക്ക് ചെയ്ത റൂമുകൾ റദ്ദാക്കപ്പെട്ട നിലയിലാണ്. വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് ചിലർക്ക് താമസസൗകര്യം ക്രമീകരിച്ചു നൽകിയത്.പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ ഷെഫ് ഡി മിഷൻ സ്വന്ത നിലയിൽ 15 അധിക മുറികൾ ഹോട്ടലുകളിൽ ബുക്ക് ചെയ്യുകയായിരുന്നു.
റൂമുകളുടെ കുറവിന് പുറമെ യാത്രാസൗകര്യത്തിലെ പിഴവുകളും പരിശീലനത്തെ ബാധിക്കുന്നുണ്ട്. ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്തുനിന്ന് പരിശീലന കേന്ദ്രത്തിലേക്ക് എത്തുവാൻ രണ്ടു മണിക്കൂറിലധികം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. കൂടാതെ പരിശീലന വേദികളിൽ കുടിവെള്ളമല്ലാതെ മറ്റ് പ്രാഥമിക സൗകര്യങ്ങളൊന്നും ലഭ്യമല്ലെന്നും പരാതിയുണ്ട്.
ഗെയിംസ് വില്ലേജിലെ മോശം സംഘാടനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുൻ വർഷങ്ങളിലേത് പോലെ എല്ലാവർക്കുമായി ഒരൊറ്റ ഏകീകൃത ഗെയിംസ് വില്ലേജ് ഒരുക്കുന്നതിന് പകരം, ചെലവ് കുറയ്ക്കുന്നതിനായി ക്രൂയിസ് കപ്പലുകളും വൻകിട ഹോട്ടലുകളും ഉൾപ്പെടുന്ന വികേന്ദ്രീകൃത താമസ സംവിധാനങ്ങളാണ് ഇത്തവണ സംഘാടകർ ഒരുക്കിയിരിക്കുന്നത്. 15,000 താരങ്ങളെ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് പങ്കെടുക്കുന്നവരുടെ എണ്ണം 17,000 ആയി ഉയർന്നതാണ് വിമാനത്താവളത്തിൽ നിന്നും ഗെയിംസ് വില്ലേജിലേക്കുള്ള താരങ്ങളുടെ വരവിലും റൂം അലോട്ട്മെന്‍റിലും വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത്. 45-ഓളം രാജ്യങ്ങളിൽ നിന്നായി പതിനൊന്നായിരത്തിലധികം അത്ലറ്റുകൾ അണിനിരക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസ് സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് നടക്കുന്നത്.
