ഹൈദരാബാദ്: കൊവിഡ് 19 അപകടകരമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യയുടെ മുഖ്യ ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദ്. ലോകമെമ്പാടുമുള്ള മത്സരങ്ങളെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇപ്പോൾ മിക്കരാജ്യങ്ങളും യാത്രാവിലക്കും ഏർപ്പെടുത്തിക്കഴിഞ്ഞു.

താരങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി ഒളിമ്പിക്സ് മാറ്റിവയ്ക്കുകയാണ് ഉചിതമെന്നും ഗോപിചന്ദ് പറഞ്ഞു. ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒൻപത് വരെയാണ് ടോക്കിയോയിൽ ഒളിമ്പിക്സ് നടക്കേണ്ടത്.

കൊവിഡ് 19 ആശങ്ക പടരുമ്പോള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തിയ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ നടപടിയെയും ഗോപീചന്ദ് വിമര്‍ശിച്ചു. കളിക്കാരുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്ന തീരുമാനമായിരുന്നു അതെന്ന് ഗോപീചന്ദ് പറഞ്ഞു.

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിനുശേഷം ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങിയെത്തിയ ഗോപീചന്ദ് ഇപ്പോള്‍ സമ്പര്‍ക്കം ഒഴിവാക്കാനായി ഏകാന്ത വാസത്തിലാണ്. കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗോപീചന്ദ് അക്കാദമി മാര്‍ച്ച് 31 വരെ അടച്ചിട്ടിരുന്നു.