Asianet News MalayalamAsianet News Malayalam

ഐഎഎസ് ദമ്പതികള്‍ക്ക് നായക്കൊപ്പം നടക്കാനായി സ്റ്റേഡിയം ഒഴിപ്പിച്ച സംഭവം; കടുത്ത ശിക്ഷാനടപടിയുമായി കേന്ദ്രം

സഞ്ജീവ് ഖീര്‍വറിനെതിരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ഉൾപ്പടെ നിരവധിപേർ വിമർശനമുയർത്തിയിരുന്നു. അതേസമയം സ്റ്റേഡിയങ്ങൾ പത്ത് മണി വരെ തുറന്നു നൽകണമെന്ന് ദില്ലി മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും ത്യാഗരാജ് സ്റ്റേഡിയം ഇന്നലെയും ഏഴ് മണിയോടെ ഒഴിഞ്ഞു.

Thyagraj stadium Dog walkig row: IAS couple transferred to Ladakh and Arunachal
Author
Delhi, First Published May 27, 2022, 12:07 PM IST

ദില്ലി: ദില്ലി സര്‍ക്കാരിന് കീഴിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ(Thyagraj Stadium) ഐഎഎസ് ദമ്പതികള്‍ക്ക് നായക്കൊപ്പം നടക്കാനിറങ്ങാനായി കായിക പരിശീലനം നിർത്തിവെപ്പിച്ചുവെന്ന വിവാദത്തില്‍ ആരോപണവിധേയരായ ഐഎഎസ് ദമ്പതിമാരെ സ്ഥലം മാറ്റി. ഡല്‍ഹി സര്‍ക്കാരിലെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വറിനെയും(Sanjeev Khirwar) ഭാര്യയും ഐഎഎസ് ഓഫീ സറുമായ റിങ്കു ദുഗ്ഗയെയയുമാണ്(Rinku Dugga) സ്ഥലം മാറ്റിയത്. സഞ്ജീവ് ഖീര്‍വറിനെ ലഡാക്കിലേക്കും റിങ്കു ദുഗ്ഗയെ അരുണാചല്‍പ്രദേശിലേക്കുമാണ് സ്ഥലം മാറ്റി കേന്ദ്രം ഉത്തരവിട്ടത്.

സഞ്ജീവ് ഖീര്‍വറിനെതിരെ കേന്ദ്രമന്ത്രി കൗശൽ കിഷോർ ഉൾപ്പടെ നിരവധിപേർ വിമർശനമുയർത്തിയിരുന്നു. അതേസമയം സ്റ്റേഡിയങ്ങൾ പത്ത് മണി വരെ തുറന്നു നൽകണമെന്ന് ദില്ലി മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും ത്യാഗരാജ് സ്റ്റേഡിയം ഇന്നലെയും ഏഴ് മണിയോടെ ഒഴിഞ്ഞു.

നായയെ നടത്തിക്കാനായി സ്റ്റേഡിയം ഒഴിപ്പിച്ചുവെന്ന ആരോപണം ഉന്നയിച്ചത് അത്‌ലറ്റുകള്‍

സ്റ്റേഡിയത്തില്‍ രാത്രി എട്ടര വരെ മുമ്പ് പരിശീലനം നടത്തിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഏഴ് മണിയോടെ സ്റ്റേഡിയം വിടാന്‍ തങ്ങളോട് ആവശ്യപ്പെടുകയാണെന്നും അത്ലറ്റുകള്‍ ആരോപിച്ചിരുന്നു. ഐഎഎസ് ഒഫീസര്‍ക്കും അദേഹത്തിന്‍റെ നായക്കും നടക്കാന്‍ വേണ്ടിയാണിതെന്നും ഇതോടെ തങ്ങളുടെ പരിശീലനം തടസപ്പെടുന്നുവെന്നും അത്ലറ്റുകള്‍ ആരോപിച്ചിരുന്നു.  ഐഎസ്എസ് ഓഫീസറുടെ നടത്തം കുട്ടികളുടെ പരിശീലനത്തെ ബാധിക്കുന്നതായി മാതാപിതാക്കളും പറഞ്ഞിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജീവ് ഖീര്‍വര്‍ നിഷേധിക്കുകയായിരുന്നു. ചിലപ്പോഴൊക്കെ നായയെ കൊണ്ട് സ്റ്റേഡിയത്തില്‍ പോകാറുണ്ടെന്ന് സമ്മതിച്ചെങ്കിലും അത്‌ലറ്റുകളുടെ പരിശീലനം തടസപ്പെടുത്തിയിട്ടില്ലെന്നായിരുന്നു  ഖീര്‍വറുടെ വാദം.  നായയെ ട്രാക്കില്‍ സ്വതന്ത്രനായി വിടാറില്ലെന്നും അത്‌ലറ്റുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന എന്തെങ്കിലും കാര്യം ചെയ്‌താല്‍ തിരുത്താന്‍ തയ്യാറാണെന്നും സഞ്ജീവ് ഖീര്‍വര്‍ വ്യക്തമാക്കിയിരുന്നു.

സഞ്ജീവ് ഖീര്‍വറിന്‍റെ കള്ളം പൊളിച്ച് ചിത്രങ്ങള്‍

എന്നാല്‍ ഐഎഎസ് ഓഫീസറുടെ വാദങ്ങളെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ടാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് പ്രസിദ്ധീകരിച്ചത്. ഒരാഴ്‌ചയ്‌ക്കിടെ മൂന്ന് തവണ മൈതാനം സന്ദര്‍ശിച്ചപ്പോള്‍ വൈകിട്ട് ആറരയോടെ സ്റ്റേഡിയത്തില്‍ നിന്ന് സെക്യൂരിറ്റികള്‍ അത്‌‌ലറ്റുകളെയും പരിശീലകരെയും ഒഴിപ്പിക്കുന്നത് കാണാനായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രി ഏഴരയ്‌ക്ക് ശേഷം സഞ്ജീവ് ഖീര്‍വര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നതിന്‍റെയും നായ ട്രാക്കിലൂടെയും ഫുട്ബോള്‍ മൈതാനത്തിലൂടെയും ഓടുന്നതിന്‍റേയും ചിത്രങ്ങള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ് പുറത്തുവിട്ടിരുന്നു. ഈസമയം സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാഴ‌്‌ചക്കാരായി നോക്കിനില്‍ക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സ്റ്റേഡിയത്തിലെ പരിശീലനസമയം വൈകിട്ട് നാല് മുതല്‍ ആറ് വരെയാണ് എന്നാണ് ഗ്രൗണ്ടിന്‍റെ അഡ്‌മിനിസ്ട്രൈറ്റര്‍ അജിത് ചൗധരിയുടെ പ്രതികരണം. ചൂട് പരിഗണിച്ചാണ് ഏഴ് മണിവരെ പരിശീലനത്തിന് താരങ്ങളെ അനുവദിക്കുന്നത് എന്നും അദേഹം വ്യക്തമാക്കി. ഏഴ് മണിക്ക് ശേഷം ഗവര്‍ണമെന്‍റ് പ്രതിനിധി ഗ്രൗണ്ട് ഉപയോഗിക്കുന്നതിനെ കുറിച്ച് തനിക്കറിയില്ല എന്നും ചൗധരി വാദിച്ചു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി നിര്‍മ്മിച്ചതാണ് ത്യാഗ്‌രാജ് സ്റ്റേഡിയം. ദേശീയ, സംസ്ഥാന അത്‌ലറ്റുകളും ഫുട്ബോള്‍ താരങ്ങളും ഇവിടെ പരിശീലനം നടത്തിവരുന്നു.

Follow Us:
Download App:
  • android
  • ios