2009 നവംബറില്‍ വുഡ്‌സിന്‍റെ കാര്‍ അപകടത്തില്‍ പെട്ടതോടെ വലിയ വിവാദങ്ങളുടെ രഹസ്യ അറകള്‍ തുറന്നു. വുഡ്‌സുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി പന്ത്രണ്ടോളം സ്ത്രീകള്‍ രംഗത്തുവന്നു. ന്യൂയോര്‍ക്ക് സിറ്റി നൈറ്റ് ക്ലബ് മാനേജര്‍ റേച്ചലുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതായിരുന്നു തുടക്കം. പോണ്‍ ചലച്ചിത്ര നായിക ഡെവോണ്‍ ജെയിംസ് ആയിരുന്നു ആരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍.

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരമെന്ന ഉയരത്തില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്കുള്ള വീഴ്‌ച. അവിടെ നിന്ന് 43-ാം വയസില്‍ കായികലോകത്തെ അത്ഭുതപ്പെടുത്തി 15-ാം മേജര്‍ കിരീടവും അഞ്ചാം മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവ്. കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത തിരിച്ചുവരവിന്‍റെ കഥയിലേക്കാണ് കഴിഞ്ഞ ദിവസം ജോര്‍ജിയയിലെ അഗസ്‌റ്റ നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ ടൈഗര്‍ വുഡ്‌സ് ഗോള്‍ഫ് ബോള്‍ പായിച്ചത്. ദുര്‍നടപ്പുകാരനും സ്‌ത്രീലമ്പടനുമായി കുപ്രസിദ്ധിയാര്‍ജിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്‍റെ രണ്ടാം ജന്‍മം.

നാല്‍പത്തിമൂന്നുകാരനായ വുഡ്‌സ് 11 വര്‍ഷത്തിനിടെ ആദ്യ മേജര്‍ ടൈറ്റിലാണ് അഗസ്‌റ്റ നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ നേടിയത്. വിവാദങ്ങളുടെ തോഴനായ വുഡ്‌സിന്‍റെ കഴിഞ്ഞ 11 വര്‍ഷങ്ങളും പരസ്ത്രീബന്ധത്തെ തുടര്‍ന്നുള്ള വിവാദങ്ങളും പരുക്കും അറസ്റ്റുമൊക്കെ കവരുകയായിരുന്നു. ഗോള്‍ഫ് കളത്തിലെ 'ടൈഗര്‍' വെറും ഉന്‍മാദിയായി വിലസുകയായിരുന്നു ഇക്കാലം. ഇതിനിടയില്‍ വിവാഹമോചനം നേടേണ്ടിവന്ന വുഡ്‌സ് ജീവിതത്തിലും ഗോള്‍ഫ് കരിയറിലും രണ്ടാം ജന്‍മത്തിനാണ് തുടക്കമിടുന്നത് എന്ന് പറയുന്നത് അതിശയോക്‌തിയല്ല. 

പരസ്ത്രീബന്ധത്തിന്‍റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് ടൈഗര്‍ വുഡ്‌സ്. 2009 നവംബറില്‍ വുഡ്‌സിന്‍റെ കാര്‍ അപകടത്തില്‍ പെട്ടതോടെ വലിയ വിവാദങ്ങളുടെ രഹസ്യ അറകള്‍ തുറന്നു. വുഡ്‌സുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി പന്ത്രണ്ടോളം സ്ത്രീകള്‍ രംഗത്തുവന്നു. ന്യൂയോര്‍ക്ക് സിറ്റി നൈറ്റ് ക്ലബ് മാനേജര്‍ റേച്ചലുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതായിരുന്നു തുടക്കം. പോണ്‍ ചലച്ചിത്ര നായിക ഡെവോണ്‍ ജെയിംസ് ആയിരുന്നു ആരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍. വുഡ്‌സ് പരസ്ത്രീബന്ധങ്ങള്‍ തുറന്നുപറഞ്ഞതായും നിഷേധിച്ചതായും പിന്നാലെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു.

പരസ്ത്രീ ബന്ധങ്ങള്‍ ടൈഗറിന്‍റെ ഉറക്കംകൊടുത്തവെ 2010 ഓഗസ്റ്റില്‍ ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ എലിന്‍ നോര്‍ഡെഗ്രീന്‍ വിവാഹമോചനം നേടി. പിന്നീടും വഴിവിട്ട ശീലങ്ങള്‍ വുഡ്‌സിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു. 2017 മെയില്‍  ഫ്ലോറിഡയില്‍ മദ്യവും അമിത അളവില്‍ വേദസംഹാരികളും കഴിച്ച് വാഹനമോടിച്ചതിന് വുഡ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. വുഡ്‌സ് ട്രാഫിക് ലൈനില്‍ വാഹനം നിര്‍ത്തിയിട്ട് മയങ്ങിപ്പോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വുഡ്‌സ് വെട്ടിലായി. ഈ കേസില്‍ കുറ്റം സമ്മതിച്ച വുഡ്‌സിന് 250 ഡോളര്‍ പിഴയും ഒരു വര്‍ഷം നല്ല നടപ്പും കോടതി വിധിച്ചു. 

പരുക്കുമൂലം ദീര്‍ഘനാള്‍ വുഡ്‌സിന് കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. 2015- 16 സീസണ്‍ പൂര്‍ണമായും നഷ്ടമായി. 2017ല്‍ സര്‍ജറിയുടെ ദിനങ്ങള്‍. എന്നാല്‍ സര്‍ജറിക്ക് ശേഷം  80-ാം പിജിഎ ടൂ‌ർണമെന്‍റിൽ ചാമ്പ്യനായി സ്വപ്നതുല്യ തിരിച്ചുവരവ് നടത്തിയ ടൈഗർ കായികരംഗത്തെ മികച്ച തിരിച്ചുവരവിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കി. ഇതായിരുന്നു ഇതിഹാസ താരത്തിന്‍റെ രണ്ടാം വരവിന്‍റെ ആദ്യ സൂചനകള്‍. അഞ്ചാം മാസ്റ്റേഴ്‌സ് കിരീട നേട്ടത്തോടെ വുഡ്‌സ് ഗോള്‍ഫ് കളത്തിലെ രാജാവായി വീണ്ടും തലപ്പാവണിയുകയാണ്. 43-ാം വയസിലെ ഐതിഹാസിക തിരിച്ചുവരവിലൂടെ കായികപ്രേമികളെ വുഡ്‌സ് ഓര്‍മ്മിപ്പിക്കുന്നത് അതാണ്. 

21-ാം വയസില്‍ ആദ്യ മാസ്റ്റേഴ്‌സ് നേടി കായിക ലോകത്തെ അമ്പരപ്പിച്ച താരമാണ് വുഡ്‌സ്. പിന്നെ ഇതിഹാസമെന്ന മുഴക്കങ്ങള്‍. തുടർച്ചയായി 683 ആഴ്‌ച ലോക ഒന്നാം റാങ്ക് കാത്തു സൂക്ഷിച്ച് വിസ്‌മയിപ്പിച്ചു. ഇപ്പോള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അഞ്ചാം മാസ്റ്റേഴ്‌സ്. ഇതിന് മുന്‍പ് 1997, 2001, 2002, 2005  വര്‍ഷങ്ങളില്‍ വുഡ്‌സ് മാസ്റ്റേഴ്‌സ് നേടി. എന്നാല്‍ റാംങ്കിങ്ങില്‍ ആദ്യ 1000ല്‍ പോലുമില്ലാതെ നിലംപതിച്ച കരിയറിന്‍റെ കറുത്ത ദിനങ്ങളും ഇതിഹാസ താരത്തിനുണ്ട്. അങ്ങനെ നിലയില്ലാക്കയത്തില്‍ വീണ കായിക ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ടൈഗര്‍ വുഡ്‌സ് ഗോള്‍ഫ് ക്ലബില്‍ പിടിച്ച് പോരാട്ട ചൂടിലേക്ക് തിരിച്ചുവരികയാണ്.