ദേശീയ പരിശീലകന്‍ സൗമ്യദിപ് റോയി തന്നെ പരിശീലിപ്പിക്കേണ്ടെന്ന നിലപാടിലാണ് മണിക ബത്ര. ടോക്കിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം സ്വന്തം പരിശീലകന്‍ സന്‍മയ് പരഞ്ച്പേയിയേയും ഉള്‍പ്പെടുത്തണമെന്ന് മണിക ആവശ്യപ്പെട്ടിരുന്നു. 

ടോക്കിയോ: ഒളിംപിക്‌സിനിടെ ഔദ്യോഗിക പരിശീലകന്‍റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര. സ്വന്തം പരിശീലകന് ടേബില്‍ ടെന്നീസ് കോര്‍ട്ടിനടുത്ത് പ്രവേശനം അനുവദിക്കാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ടീമിന്‍റെ പ്രകടനത്തെ ഇത് ബാധിക്കുമോ എന്ന ആശങ്ക സജീവമാണ്. 

ദേശീയ പരിശീലകന്‍ സൗമ്യദിപ് റോയി തന്നെ പരിശീലിപ്പിക്കേണ്ടെന്ന നിലപാടിലാണ് മണിക ബത്ര. ടോക്കിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം സ്വന്തം പരിശീലകന്‍ സന്‍മയ് പരഞ്ച്പേയിയേയും ഉള്‍പ്പെടുത്തണമെന്ന് മണിക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സന്‍മയ് സ്വന്തം നിലക്ക് ടോക്കിയോയിലെത്തി സ്വകാര്യ ഹോട്ടലില്‍ കഴിയുകയാണ്. ഗെയിംസ് വില്ലേജില്‍ താമസിക്കാന്‍ അനുവദിക്കാത്തതിലാണ് ഇത്. 

ഇത് വിവാദമായിരിക്കെയാണ് മണിക ബത്ര ആദ്യ റൗണ്ട് മത്സരത്തിനിടെ പരിശീലകന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചത്. ടേബിള്‍ ടെന്നീസ് കോര്‍ട്ടില്‍ പരിശീലകര്‍ക്ക് ഏര്‍പ്പെടുത്തിയ സ്ഥലത്ത് മണികയുടെ മത്സരത്തിനിടെ ആരും ഉണ്ടായിരുന്നില്ല. സ്വന്തം പരിശീലകന് ഫീല്‍ഡ് ഓഫ് പ്ലേക്ക് അനുമതി വേണമെന്ന് മണിക ഇന്ത്യന്‍ ടീം തലവന്‍ എം.പി സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംഘാടകരെ അറിയിച്ചെങ്കിലും അനുമതി നല്‍കിയില്ലെന്ന് എം.പി സിങ്ങ് പറ‌ഞ്ഞു. 

മണികയോടും വിശദീകരിച്ചെങ്കിലും സൗമ്യദീപ് റോയിയെ പരിശീലകനായി വേണ്ടെന്ന നിലപാടാണ് താരം സ്വീകരിച്ചതെന്നും എം.പി സിങ്ങ് വ്യക്തമാക്കി. ഇതേകുറിച്ച് മണിക ബത്ര പ്രതികരിച്ചിട്ടില്ല. മണിക ബത്രയ്‌ക്ക് രണ്ടാം റൗണ്ടിലേക്ക് അവസരം കിട്ടിയ സാഹചര്യത്തില്‍ തുടര്‍ന്നുള്ള മുന്നേറ്റങ്ങള്‍ക്ക് ഈ പ്രശ്നം തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് ടീം. 

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona