ഗ്രീസ്: ഒളിംപിക്‌സ് ദീപശിഖ പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഒളിംപിക് ദീപം തെളിക്കുന്ന ചടങ്ങ് ഇന്ന് നടക്കും. ഗ്രീസിലെ ഒളിംപിയയിൽ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകള്‍. 

രാജ്യാന്തര ഒളിംപിക് സമിതിയുടെയും ആതിഥേയരായ ജാപ്പനീസ് സംഘത്തിന്‍റെയും പ്രതിനിധികള്‍ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാണികളെ പ്രവേശിപ്പിക്കാതെ ആകും ചടങ്ങുകള്‍ എന്ന് ഗ്രീക്ക് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ദീപശിഖ തെളിയിക്കല്‍ ചടങ്ങിന്റെ റിഹേഴ്‌സലിന്  മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. 

Read more: ടോക്കിയോ ഒളിംപിക്‌സ്: ജാവലിന്‍ ത്രോയില്‍ ശിവ്‌പാല്‍ സിംഗിനും യോഗ്യത; അര്‍ഷ്‌ദീപിനും അന്നുവിനും നിരാശ

ഇന്ന് മുതൽ ഗ്രീസിലെ നഗരങ്ങളിലൂടെ സഞ്ചരിക്കുന്ന ദീപശിഖ ഈ മാസം 19ന് ജപ്പാന് കൈമാറും. ദീപശിഖ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുട്ടികളെ ജപ്പാന്‍ ഒഴിവാക്കിയിട്ടുണ്ട്. ചടങ്ങില്‍ 140 കുട്ടികള്‍ പങ്കെടുക്കുമെന്നും ഇരുന്നൂറോളം കുട്ടികള്‍ കാഴ്‌ചക്കാരായി എത്തുമെന്നും സംഘാടകസമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ ടോക്കിയോയിലാണ് ഗെയിംസ് നടക്കുന്നത്. 

Read more: ടോക്കിയോ ഒളിംപിക്‌സ്: ദീപശിഖ തെളിയിക്കുന്ന ചടങ്ങില്‍ നിന്ന് കാണികളെ ഒഴിവാക്കി

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഗ്രീസില്‍ കായിക മത്സരങ്ങള്‍ കാണാന്‍ കാണികളെ പ്രവേശിപ്പിക്കുന്നതില്‍ രണ്ടാഴ്‌ചത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഗ്രീസില്‍ ഇതുവരെ 99 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക