Asianet News Malayalam

കര്‍ശന കൊവിഡ് ചട്ടം, അതിശയിപ്പിക്കുന്ന കാഴ്‌ചകള്‍; ഒളിംപിക് വില്ലേജ് താരങ്ങൾക്ക് തുറന്നുകൊടുത്തു

ഇനിയുള്ള നാളുകൾ ഹറൂമി ജില്ലയിലെ ഒളിംപിക് ഗ്രാമം പതിനൊന്നായിരം കായികതാരങ്ങൾക്കും ഏഴായിരം ഒഫീഷ്യൽസിനും സ്വന്തം വീട്

Tokyo 2020 Olympic Village opened What are inside beautiful construction
Author
Tokyo, First Published Jul 14, 2021, 12:39 PM IST
  • Facebook
  • Twitter
  • Whatsapp

ടോക്യോ: ഒളിംപിക്‌സിന് തിരിതെളിയാൻ ഒൻപത് ദിവസം മാത്രം ബാക്കിനിൽക്കേ ഒളിംപിക് വില്ലേജ് കായിക താരങ്ങൾക്കായി തുറന്നുകൊടുത്തു. ഒളിംപിക് വില്ലേജിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് താരങ്ങൾക്ക് കർശന നി‍ർദേശം നൽകിയിട്ടുണ്ട്. ദിവസേന കൊവിഡ് പരിശോധന, കൂട്ടംകൂടി ഭക്ഷണം കഴിക്കാൻ പാടില്ല, എപ്പോഴും മാസ്‌ക് ധരിക്കണം...എന്നിങ്ങനെ നീളുന്നു മാര്‍ഗനിര്‍ദേശങ്ങള്‍. 

കായിക ലോകത്തെ വിസ്മയിപ്പിക്കാൻ ജപ്പാന്റെ വാതിലുകൾ തുറന്നു. ഇനിയുള്ള നാളുകൾ ഹറൂമി ജില്ലയിലെ ഒളിംപിക് ഗ്രാമം പതിനൊന്നായിരം കായികതാരങ്ങൾക്കും ഏഴായിരം ഒഫീഷ്യൽസിനും സ്വന്തം വീട് പോലെ. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ തോമസ് ബാക്ക് വ്യക്തമാക്കി. 

അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഒളിംപിക്‌ വില്ലേജില്‍ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. ഒളിംപിക്‌ വില്ലേജിന്‍റെ കാഴ്‌ചകള്‍ നേരത്തെ സംഘാടകര്‍ പുറത്തുവിട്ടിരുന്നു. താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 21 കെട്ടിട സമുച്ചയങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ അനുമതിയില്ലാതെ ആര്‍ക്കും ഒളിംപിക് ഗ്രാമത്തിന് പുറത്തേക്ക് പോകാനാവില്ല. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണപ്പുരയിൽ 700 വ്യത്യസ്‌ത വിഭവങ്ങൾ തയ്യാർ. ഒരേസമയം മൂവായിരം പേർക്കാണ് പ്രവേശനം. 

ഒളിംപിക് ഗ്രാമത്തിൽ വിശാലമായ ഷോപ്പിംഗ് കോംപ്ലക്‌സും ജിമ്മുകളും പരിശീലന ഗ്രൗണ്ടുകളും വിനോദ കേന്ദ്രങ്ങളും എടിഎമ്മുകളും കഫേകളും സലൂണുകളുമെല്ലാമുണ്ട്. പത്തൊമ്പത് പേർക്ക് വീതം ഇരിക്കാവുന്ന 17 വാഹനങ്ങൾ 24 മണിക്കൂറും സർവീസ് നടത്തും. പുനരുപയോഗിക്കാവുന്ന വസ്‌തുക്കള്‍
ഉപയോഗിച്ചാണ് മിക്ക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ നിര്‍മ്മിച്ചിരിക്കുന്ന അപാർട്ട്‌മെന്‍റുകള്‍ ഒളിംപിക്‌സിന് ശേഷം തദേശീയർക്കായി നല്‍കും. 

കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്ന സാഹര്യത്തില്‍ ടോക്യോ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒളിംപിക്‌സില്‍ കാണികള്‍ക്ക് പ്രവേശനമില്ല. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗെയിംസ് മാറ്റിവയ്‌ക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ജപ്പാനില്‍ ശക്തമാണെങ്കിലും വിമര്‍ശനങ്ങള്‍ക്ക് ചെവികൊടുക്കാതെ ഒളിംപിക്‌സ് ഒരുക്കങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു സംഘാടകര്‍. ഒളിംപിക്‌സ് നടത്തുന്നത് കൊവിഡിന്‍റെ പുതിയ വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌‌ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂലൈ 23നാണ് ടോക്യോയില്‍ ഒളിംപിക്‌സ് ആരംഭിക്കുക.

ഇന്ത്യയില്‍ നിന്ന് 119 താരങ്ങള്‍ 

ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒളിംപിക് യോഗ്യത നേടിയ താരങ്ങളുമായുള്ള സംവാദത്തിനിടെ ഐഒഎ അധ്യക്ഷന്‍ നരീന്ദര്‍ ബത്ര ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡൽ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുമെന്നും ബത്ര പറഞ്ഞു. ഈ മാസം 17ന് 90 പേര്‍ അടങ്ങുന്ന ആദ്യ സംഘം ടോക്യോയിലേക്ക് തിരിക്കും. 

ആരെയും അമ്പരപ്പിക്കും കാഴ്‌ചകള്‍; ടോക്യോ ഒളിംപിക്‌ വില്ലേജിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios